excise

കൊല്ലം: കൊവിഡ് വ്യാപനം മറയാക്കി ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ എക്സൈസ് ഇത്തവണ രംഗത്തിറങ്ങുക മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രൂപത്തിലായിരിക്കും. കൊവിഡാണെന്ന് കരുതി എക്സൈസ് ഉദ്യോഗസ്ഥർ മാളത്തിൽ വിശ്രമിക്കുമെന്ന് ആരും കരുതരുത്. പി.പി.ഇ കിറ്റും ഫേസ് ഷീൽഡും മാസ്‌കും ഗ്ളൗസുമൊക്കെ ധരിച്ച എക്‌സൈസ് ഉദ്യോഗസ്ഥർ ലഹരി വിൽപനക്കാരെ തേടിയെത്തും. ഒരേസമയം കൊവിഡിനെയും ലഹരിയെയും തുരത്താനുള്ള തയ്യാറെടുപ്പുകളോടെയാകും ഇത്തവണ ഓണത്തിന് മുമ്പുള്ള എക്സൈസിന്റെ പരിശോധന. അതിർത്തികളിലും നിരത്തുകളിലും മുൻവർഷങ്ങളിലുണ്ടായിരുന്ന അത്രയും പരിശോധനാ സംഘങ്ങൾ ഇത്തവണയുമുണ്ടാകും. റവന്യൂ - പൊലീസ് - എക്സൈസ് സംയുക്ത സംഘങ്ങളും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമാകും. സംയുക്ത പരിശോധനയ്ക്ക് കൊവിഡ് തടസമായതിനാൽ ഓരോ വകുപ്പുകളും സ്വന്തം നിലയിലാകും ഇത്തവണ പരിശോധന. സംസ്ഥാന ജില്ലാ അതി‌ർത്തികളിൽ എക്സൈസിന് പുറമേ പൊലീസ്, റവന്യൂ, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ പരിശോധനാസംഘങ്ങളും സജീവമായുണ്ടാകും. ഈമാസം അവസാന വാരം മുതൽ ആഗസ്‌റ്റ് മൂന്നാം ആഴ്ച വരെയാകും സ്‌പെഷ്യൽ ഡ്രൈവ്. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ ഓരോ ജില്ലയിലെയും പരിശോധനകൾ വിലയിരുത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മദ്യശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലോക്ക് ഡൗൺ സമയത്ത് വാറ്റും വിൽപ്പനയും വ്യാപകമായിരുന്നത് ഇത്തവണ ഓണക്കാലത്തും ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ഇന്റലിജൻസ് വിഭാഗം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പട്ടാഴിയിൽ സർജിക്കൽ സ്‌പിരിറ്റ് കുടിച്ച് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അത്തരത്തിലുള്ള ദുരന്തങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടിയും ഉദ്യോഗസ്ഥതലത്തിൽ കൈക്കൊള്ളും. മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ബാറുകളിലും ബിവറേജസുകളിലും പാഴ്സലായി മദ്യം വിതരണം ചെയ്യുന്ന സമയം ദീർഘിപ്പിക്കാൻ ആലോചിച്ചുകൊണ്ടിരിക്കെ വ്യാജമദ്യത്തിന്റെ വരവ് കർശനമായി തടയാനാണ് എക്സൈസിന്റെ നീക്കം. മുൻവർഷങ്ങളിലേതുപോലെ താലൂക്ക് തലങ്ങളിൽ ചേരാറുള്ള ഉദ്യോഗസ്ഥരുടെ യോഗം ഇത്തവണ ഓൺലൈനായി നടത്താനും കൺട്രോൾ റൂമുകളും സ്‌ക്വാഡ്, സ്ട്രൈക്കിംഗ് ഫോഴ്സ്, പട്രോളിംഗ് സ്‌ക്വാഡുകൾ എന്നിവയെ യഥാവിധം വിന്യസിക്കാനുമാണ് തീരുമാനം.

എടുത്ത് ചാടിയുള്ള

പരിശോധനയില്ല

എക്സൈസിന്റെ റേഞ്ച് മുതൽ ഡിവിഷൻ ഓഫീസ് വരെയുള്ള കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന പരാതികളിലും വിവരങ്ങളിലും മുമ്പത്തേത് പോലെ ചാടിക്കയറിയുള്ള പരിശോധനകളുണ്ടാകില്ല. പരിശോധനകൾക്ക് പുറപ്പെടും മുമ്പ് ഇന്റലിജൻസ് വിഭാഗമോ ഷാഡോ സംഘങ്ങളോ പരാതിയിൽ പറഞ്ഞ കാര്യം സത്യമാണോയെന്ന് രഹസ്യമായി ഉറപ്പുവരുത്തും. ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ പി.പി.ഇ കിറ്ര് ധരിച്ചെത്തുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതികളെ കൈയോടെ പൊക്കും. വാഹന പരിശോധനയിലും എല്ലാ പട്രോളിംഗ് വാഹനങ്ങളിലും പി.പി.ഇ കിറ്റ് ധരിച്ച ഒന്നോ രണ്ടോ എക്സൈസ് ഉദ്യോഗസ്ഥരുണ്ടാകും. ചെക്ക് പോസ്‌റ്റുകളിലും റോഡുകളിലെ വാഹന പരിശോധനയിലും ഇവരാകും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാരോട് അടുത്ത് ഇടപെടുക. വാഹനരേഖകളെല്ലാം ഡിജിറ്റൽ സഹായത്തോടെ പരിശോധിക്കും. ചരക്ക് വാഹനങ്ങളിലാണ് കള്ളക്കടത്തിനുള്ള സാദ്ധ്യതയെന്നതിനാൽ തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ നിന്നെത്തുന്ന മുഴുവൻ വാഹനങ്ങളും നിരീക്ഷണവിധേയമാക്കും.സംശയമെന്ന് തോന്നുന്ന വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ലോഡിറക്കിയും പരിശോധിക്കും. ലഹരി മണത്ത് അറിയാൻ കഴിവുള്ള പൊലീസ് നായ്‌ക്കളുടെ സേവനവും സംസ്ഥാനത്തെ അതി‌ർത്തി ചെക്ക് പോസ്‌റ്റുകളിൽ ഉപയോഗപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

കൊവിഡിന്റെ പേരിൽ ഓണം സ്‌പെഷ്യൽ ഡ്രൈവ് പരിശോധനകളിൽ യാതൊരുവിധ ഇളവുമുണ്ടാകില്ല. അതി‌ർത്തി കടന്നുവരുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കും.ബാറുകളും മദ്യശാലകളും അടഞ്ഞുകിടക്കുന്നതിനാൽ അത്തരം സ്ഥാപനങ്ങളിൽ ഇത്തവണ മുഴുവൻ സമയ നിരീക്ഷണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. അത്രയും ഉദ്യോഗസ്ഥരെകൂടി സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമാക്കി ഓണാഘോഷം സുരക്ഷിതമാക്കും

അഡിഷണൽ എക്സൈസ് കമ്മിഷണർ

എൻഫോഴ്സ്‌മെന്റ്