anu

കൊല്ലം: സ്ത്രീധന-ഗാർഹിക പീഡനങ്ങൾക്കിരയായി ഭർതൃഗൃഹങ്ങളിൽ പ്രാണൻപൊലിയുന്ന പെൺകുട്ടികളുടെ വാർത്തകളിൽ ‌ഞെട്ടിത്തരിക്കുകയാണ് കൊല്ലം നിവാസികൾ. വിസ്മയയ്ക്ക് പിന്നാലെ കൊല്ലത്ത് കഴിഞ്ഞദിവസം പടിഞ്ഞാറേ കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽ വീട്ടിൽ സതീഷിന്റെ ഭാര്യ അനുജയാണ്(22) ഭർതൃഗൃഹത്തിലെ പീഡനങ്ങൾക്കൊടുവിൽ മരണത്തിന് കീഴടങ്ങിയത്. വിസ്മയക്കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് നാടിന് നടുക്കമായി കഴിഞ്ഞദിവസം അനുജയുടെ മരണവാർത്തയെത്തിയത്. സ്ത്രീധന പീഡനത്തിനും ഗാർഹിക അതിക്രമത്തിനുമെതിരെ ബോധവൽക്കരണവും ശക്തമായ നിയമ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിലാണ് സമൂഹത്തിന്റെ ഉത്കണ്ഠ.

ഏഴുമാസത്തെ

മംഗല്യജീവിതം

കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ബി.കോം വിദ്യാർത്ഥിയായിരിക്കെയാണ് അനുജയും വെൽഡിംഗ് തൊഴിലാളിയായ സതീഷും പ്രണയത്തിലായത്. കഷ്ടിച്ച് ഒരുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവർ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏഴുമാസം തികയുന്ന ദിവസമായിരുന്നു അനുജയുടെ മരണം. സതീഷ് രാവിലെ ജോലിക്കുപോയാൽ അനുജയും സതീഷിന്റെ അമ്മ സുനിജയും മാത്രമാകും വീട്ടിലുണ്ടാകുക. സതീഷ് ജോലിക്ക് പോയി കഴിഞ്ഞാൽ തിരികെ വരുംവരെ ഭർത്താവിന്റെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അനുജയെന്ന് വീട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ

ജൂൺ 30ന് രാത്രിയാണ് അനുജ ആത്മഹത്യക്ക് ശ്രമിച്ചത്. അന്ന് രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് അനുജ മുറിയിൽക്കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ച് കിടക്കാറുള്ളതിനാൽ സതീഷ് ഇത് കാര്യമാക്കിയില്ല. ഇടയ്ക്ക് മയങ്ങിപ്പോയ ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽതട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻ വാതിൽ ചവിട്ടിപ്പൊളിച്ച് അനുജയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അനുജ മരിച്ചത്.

കാരണം

ഭർത്തൃവീട്ടിലെ പീഡനം

വിവാഹം കഴിഞ്ഞ് ഒരുമാസമായതുമുതൽ അനുജയെ ഭർതൃവീട്ടുകാർ പലവിധത്തിൽ ശല്യപ്പെടുത്തിയിരുന്നതായി അനുജയുടെ മാതാപിതാക്കൾ പറയുന്നു. കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും അനുജയെ സതീഷിന്റെ വീട്ടുകാർ നിരന്തരം മാനസികമായി തകർക്കുകയായിരുന്നുവെന്ന് അമ്മ രാജേശ്വരി വെളിപ്പെടുത്തി.സതീഷിന് അനുജയോട് സ്‌നേഹമായിരുന്നെന്നും സുനിജയിൽ നിന്നുമാത്രമാണ് മോശം പെരുമാറ്റം ഉണ്ടായിരുന്നതെന്നും അനുജയുടെ പിതാവ് ഡ്രൈവറായ അനിൽകുമാർ പറയുന്നു.ഭർതൃമാതാവിന്റെ മോശം പെരുമാറ്റത്തെപ്പറ്റി അനുജ നിരന്തരം പരാതിപ്പെട്ടിരുന്നതായി ബിരുദവിദ്യാർത്ഥിയായ അനുജയുടെ സഹോദരിയും പറയുന്നു.

കൊവിഡ്കാലത്തും

വെറുതെ വിട്ടില്ല

അനുജയ്ക്കും ഭർത്താവിനും ഏതാനും മാസം മുമ്പ് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിലായിരുന്ന സമയത്തും അനുജയെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയതായാണ് ബന്ധുക്കളുടെ ആക്ഷേപം. മൂന്നുമാസംമുമ്പ് അനുജയ്ക്ക് കൊവിഡ് ബാധിച്ചപ്പോൾ ഭക്ഷണം നൽകാൻപോലും സുനിജ തയ്യാറായില്ലെന്ന് രാജേശ്വരി ആരോപിക്കുന്നു. സതീഷിന്റെ സഹോദരന് വീടു വാങ്ങാനായി അനുജയ്ക്ക് സ്ത്രീധനമായി നൽകിയ ഇരുപത് പവന്റെ സ്വർണം വിറ്റ പണമടക്കം പത്തുലക്ഷം രൂപ നൽകിയിരുന്നു. പിന്നീട് കന്നിമേൽച്ചേരിയിലെ സതീഷിന്റെ വീട് അനുജയുടെ പേരിൽ എഴുതിനൽകി. ഭർതൃമാതാവായ സുനിജയ്ക്ക് ഇതിൽ താമസാവകാശവും നൽകിയിരുന്നു. തന്റെ സ്വത്തുക്കൾ അനുജ തട്ടിയെടുത്തതായി ആരോപിച്ച് സുനിജ മരുമകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി അനുജയുടെ അച്ഛൻ അനിൽകുമാർ പറയുന്നു. വെൽഡിംഗ് വർക്ക് ഷോപ്പിൽ ജോലിക്കാരനായ സതീഷ് ‌ഞയറാഴ്ച പണിയില്ലാത്തതിനാൽ

മിക്കപ്പോഴും അനുജയുമായി പണ്ടാഴയിലെ അവളുടെ വീട്ടിൽ പോകുക പതിവാണ്. അവിടെ മണിക്കൂറുകൾ ചെലവഴിച്ചശേഷമാണ് മടങ്ങുക. മടങ്ങി വീട്ടിലെത്തുമ്പോൾ മുതൽ സുനിജ ബഹളം തുടങ്ങും. അച്ഛനമ്മമാരെ കാണാൻ പോകുന്നതിനും അവിടെ പോയി സമയം ചെലവഴിക്കുന്നതിനുമാണ് അനുജയ്ക്ക് പരിഹാസവും ശകാരവും നേരിടേണ്ടിവരുന്നത്. ഇക്കാര്യങ്ങൾ അനുജ പലപ്പോഴും വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെങ്കിലും അത് കാര്യമാക്കേണ്ടെന്ന് വീട്ടുകാരുടെ ഉപദേശം അനുസരിക്കുകയായിരുന്നു. സാധാരണരീതിയിൽ അനുജ ആത്മഹത്യചെയ്യാനുള്ള സാദ്ധ്യതയില്ലെന്നാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ. അസഹ്യമാംവിധം പീഡനങ്ങൾ നേരിട്ട സാഹചര്യമാകാം മകളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് അനുജയുടെ കുടുംബം കരുതുന്നു. അനുജ മരിച്ചതോടെ മകൾക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെ സംബന്ധിച്ച് വിശദമായ പരാതി അനിൽകുമാർ പൊലീസിന് കൈമാറി. അനിൽകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സതീഷിന്റെ അമ്മ സുനിജയ്ക്കെതിരേ ശക്തികുളങ്ങര പൊലീസ് ഗാർഹികപീഡനത്തിന് കേസെടുത്തു. അനുജയുടെ മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ എ.പ്രദീപ്കുമാർ അറിയിച്ചു.