coir
കയർ

കരുനാഗപ്പള്ളി: കൊവിഡ്പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് കയർ സഹകരണ സംഘങ്ങളും. കഴിഞ്ഞ 4 മാസമായി സംഘങ്ങൾ അടഞ്ഞ് കിടക്കുകയാണ്. ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന കയർ കയർഫെഡ് എടുക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കയർ തൊഴിലാളികൾ 4 മാസമായി തൊഴിലില്ലാതെ വലയുകയാണ്. അതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി.

കയർ സംഭരിക്കാതെ കയർ ഫെഡ്

ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളിൽ ഉത്പ്പാദിപ്പിച്ച ലക്ഷക്കണക്കിന് രൂപയുടെ കയറാണ് ഗോഡൗണുകളിൽ കെട്ടി കിടക്കുന്നത്. കയർഫെഡ് കയർ സംഭരിക്കാത്തിനാൽ തൊഴിലാളികൾക്ക് 4 മാസമായി കൂലിയും ലഭിക്കുന്നില്ല. സംഘങ്ങളഇൽ ഉത്പ്പാദിപ്പിച്ചിരുന്ന കയർ പൂർണമായും സംഭരിക്കുന്നത് കയർഫെഡാണ്. സംഘങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ചകിരി കയർഫെഡ് നൽകും. കയർ നൽകുമ്പോൾ ചകിരിയുടെ വില കഴിച്ചുള്ള തുകയാണ് സംഘങ്ങൾക്ക് കയർഫെഡ് നൽകുന്നത്.

1 കിലോ കയറിന്

കയർഫെഡിന് - 23

സ്വകാര്യ ഏജൻസികൾക്ക്- 18 രൂപ

16 കോടിയുടെ ഭൂവസ്ത്ര പദ്ധതി

ഒരു കിലോഗ്രാം ചകിരിക്ക് 23 രൂപ ക്രമത്തിലാണ് കയർഫെഡ് കയർ സംഘങ്ങൾക്ക് നൽകുന്നത്. സ്വകാര്യ ഏജൻസികൾ 18 രൂപയ്ക്ക് ഒരു കിലോഗ്രാം ചകിരി നൽകുപ്പോഴാണ് 5 രൂപ കയർഫെഡ് അധികം ഈടാക്കുന്നത്. ഇതിനെതിരെ സംഘങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. കൊവിഡിനെ തുടർന്ന് ഗ്രാമ പഞ്ചായത്തുകൾ ഭൂവസ്ത്ര പദ്ധതിയിൽ നിന്നും താത്ക്കാലികമായി പിന്മാറിയതാണ് കയർഫെഡിൽ കയർ കെട്ടി കിടക്കാൻ കാരണമായത്. . ഇതിന് പരിഹാരം ഉണ്ടായെങ്കിൽ മാത്രമേ കയർ സംഭരിക്കാൻ കഴിയുകയുള്ളു. മണ്ണും ജലവും സംരക്ഷിക്കാൻ കൊല്ലം ജില്ലയിൽ മാത്രമായി 16 കോടി രൂപയുടെ ഭൂവസ്ത്ര ധാരാണപത്രത്തിലാണ് ഗ്രാമപഞ്ചായത്തുകൾ ഒപ്പ് വെച്ചിട്ടുള്ളത്. കൊവിഡിന്റെ രൂക്ഷത കുറഞ്ഞെങ്കിൽ മാത്രമേ ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു.അതുവരെ തൊഴിൽ പ്രതിസന്ധി തുടരാനാണ് സാദ്ധ്യത.

സർക്കാർ ആനുകൂല്യങ്ങളില്ലാതെ മെഷീൻ തൊഴിലാളികൾ

കയർ മേഖലയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കരുനാഗപ്പള്ളി താലൂക്കിൽ മാത്രമായി 10 സഹകരണ സംഘങ്ങൾക്കാണ് സൗജന്യ എ.എസ്.എം മെഷീനുകൾ നൽകിയത്. ഒരു സംഘത്തിന് മാത്രം 55 ലക്ഷം രൂപയുടെ യന്ത്ര സാമഗ്രികളാണ് നൽകിയത്. ഒരു യന്ത്രത്തിൽ ഒരു തൊഴിലാളി 8 മണിക്കൂർ ജോലി ചെയ്ത് 50 കിലോഗ്രാം കയർ ഉത്പ്പാദിപ്പിക്കണമെന്ന് നിർദ്ദേശം. ഒരു കിലോഗ്രാം കയർ ഉത്പ്പാദിപ്പിക്കുമ്പോൾ തൊഴിലാളിക്ക് 10 രൂപ കൂലി ലഭിക്കും. എ.എസ്.എം യന്ത്രത്തിൽ പണിയെടുക്കുന്ന് തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം അനുസരിച്ച് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നുമില്ല.

കയർ മേഖലയും തൊഴിലാളികളും പ്രതിസന്ധിയിലാണ്. സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന കയർ കയർഫെഡ് സംഭരിക്കണം. ചകിരിയുടെ വില കഴിച്ചുള്ള തുക എത്രയും വേഗം സംഘങ്ങൾക്ക് നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് വ്യവസായവകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് .ആർ.ദേവരാജൻ, ജില്ലാ പ്രസിഡന്റ്, കയർതൊഴിലാളി കോൺഗ്രസ്

10 സഹകരണ സംഘങ്ങൾക്ക് 55 ലക്ഷം രൂപയുടെ വീതം യന്ത്ര സാമഗ്രികൾ

1 യന്ത്രത്തിൽ ഒരു തൊഴിലാളി 8 മണിക്കൂർ ജോലി ചെയ്ത് 50 കിലോഗ്രാം കയർ ഉത്പ്പാദിപ്പിക്കണം

ഒരു കി.ഗ്രാം കയർ ഉത്പ്പാദിപ്പിക്കുമ്പോൾ തൊഴിലാളിക്ക് 10 രൂപ