കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആവർത്തിച്ച് നിർദേശം നൽകിയിട്ടും മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 15, 388 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് പരിശോധനയ്ക്ക് പുറമേ മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും സെക്ടറൽ മജിസ്‌ട്രേറ്റുമാർ നടപടി സ്വീകരിച്ചതുകൂടി കണക്കിലെടുത്താൽ ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പ്രതിദിന കണക്കുകളിൽ ആയിരത്തിലധികം കേസുകൾ സിറ്റി പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് സിറ്റിയിൽ 1935 കേസുകളാണ് വെള്ളിയാഴ്ച രജിസ്റ്റർ ചെയ്‍തത്. നിയന്ത്രണം പാലിക്കാത്തവർക്കെതിരെ വിട്ടുവീഴ്‍ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് സിറ്റി, റൂറൽ പൊലീസ് മേധാവിമാർ അറിയിച്ചു. ഒരാഴ്‍ച്ചയ്‍ക്കിടെ സിറ്റിയിൽ 10, 343 എണ്ണവും റൂറലിൽ 5, 045 എണ്ണവും കേസുകളാണ് രജിസ്റ്റർ ചെയ്‍തത്. നിയന്ത്രണ ലംഘനത്തിന്റെ ഭാഗമായി ജില്ലയിൽ കഴിഞ്ഞയാഴ്ച 721 പേരെ അറസ്റ്റ് ചെയ്യുകയും 567 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കേസുകളുടെ എണ്ണം - അറസ്റ്റ് - കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ (ഞായർ വരെയുള്ള ഒരാഴ്ചയിലെ കണക്ക് )
സിറ്റി - 10,343 - 435 - 96
റൂറൽ - 5,045 - 286 - 471