പുനലൂർ: എസ്.എൻ.ഡി.പി യോഗം 3448-ാം നമ്പർ മാത്ര ശാഖയുടെയും വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ ഗുരു കാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങളും മൊബൈൽ ഫോൺ റീ ചാർജ്ജ് ചെയ്യാനുളള തുകയും നൽകി. ശാഖയിലെ 50 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും 15 വിദ്യാർത്ഥികൾക്ക് ഫോൺ റീ ചാർജ്ജ് ചെയ്യാനുളള തുകയുമാണ് വിതരണം ചെയ്തത്. ഗുരുദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പുനലൂർ യൂണിയൻ കൗൺസിലർ അടുക്കളമൂല ശശിധരൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് രാജൻ അദ്ധ്യക്ഷത വഹിച്ചു. വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റും കരവാളൂർ ഗ്രാമ പഞ്ചായത്തംഗവുമായ ലതിക രാജേന്ദ്രൻ, ശാഖ വൈസ് പ്രസിഡന്റ് അജികുമാർ, സെക്രട്ടറി എൻ.വിജയൻ, വനിത സംഘം ശാഖ വൈസ് പ്രസിഡന്റ് എസ്.സുജാത, സെക്രട്ടറി സുനിത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.