കൊല്ലം: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാമല തോടും കലുങ്കും നാശത്തിൽ. പുല്ലാമല, ആനക്കോട്ടൂർ ഏലാകളിലെ കൃഷിയ്ക്കും ദോഷകരം. കഴിഞ്ഞ പെരുമഴയത്ത് തോടും ഏലായും നിറയെ വെള്ളംകയറി. സമീപത്തെ വീടുകളടക്കം വെള്ളപ്പൊക്ക ഭീഷണിയിലുമായി. ദിവസങ്ങൾക്ക് ശേഷമാണ് വെള്ളം ഉൾവലിഞ്ഞ് സ്ഥിതി സാധാരണ നിലയിലെത്തിയത്. പെരുമഴക്കാലമെത്തിയാൽ പ്രദേശത്തെ നിരവധി വീടുകൾക്ക് നാശം സംഭവിക്കും. കൃഷി നാശം പതിവായതോടെ കർഷകരും ദുരിതത്തിലാണ്. പലരും കൃഷിയിറക്കാൻ തന്നെ മടിക്കുന്നു.
കലുങ്ക് സംരക്ഷിക്കണം
നെടുവത്തൂർ- പുത്തൂർ റോഡിൽ പുല്ലാമല പനവിള ജംഗ്ഷനിലാണ് കലുങ്ക് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഇരുവശവും സംരക്ഷണ ഭിത്തികളും കൈവരിയും ഇടിയാൻ തുടങ്ങിയിട്ടുണ്ട്. കലുങ്ക് പൊളിച്ച് പണിയാതെ തന്നെ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംരക്ഷണ ഭിത്തികൾ കെട്ടണം
തോടിന് പലയിടത്തും സംരക്ഷണ ഭിത്തികളില്ല. നീരൊഴുക്ക് കൂടിയാൽ തോടിന് പുറത്തേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. ഇതാണ് സമീപത്തെ വീടുകളിൽ വെള്ളം കയറാനും കാരണം. ഓലിയ്ക്കൽ ഭാഗത്തും ഇതേ സ്ഥിതിയുണ്ട്. തോടിന്റെ ഇരുവശവും സുശക്തമായ സംരക്ഷണ ഭിത്തികൾ കെട്ടി നീരൊഴുക്കിന് സംവിധാനമുണ്ടാക്കിയാൽ വെള്ളപ്പൊക്കത്തിന് പരിഹാരമാകും. നല്ല നിലയിൽ നെൽക്കൃഷി നടന്നിരുന്ന ഏലയാണ് ഇപ്പോൾ കരക്കൃഷിയ്ക്ക് വഴിമാറിയത്. മഴവെള്ളം വലിയതോതിൽ കെട്ടിനിൽക്കുന്നതിനാൽ കരക്കൃഷിയും നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്. തോടിന്റെ സംരക്ഷണ പദ്ധതികൾ നടപ്പാക്കിയാൽ ആനക്കോട്ടൂർ, പുല്ലാമല ഏലാകളിൽ വീണ്ടും കാർഷിക സമൃദ്ധി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
മന്ത്രിയ്ക്ക് നിവേദനം നൽകി
പുല്ലാമല തോടിന്റെയും ഏലായുടെയും സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാലിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ പ്രദേശവാസികളുടെ ഒപ്പുശേഖരണം നടത്തി മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. മന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പുതല ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിലയിരുത്തൽ നടത്തി. തോടിന്റെയും കലുങ്കിന്റെയും ഏലായുടെയും സംരക്ഷണത്തിന് വേണ്ടുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി മന്ത്രിയ്ക്ക് സമർപ്പിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്. വരുന്ന മഴക്കാലത്തിന് മുൻപായി അത്യാവശ്യ അറ്റകുറ്റപ്പണികളെങ്കിലും നടത്തിയില്ലെങ്കിൽ വീണ്ടും വെള്ളപ്പൊക്കവും ദുരിതവുമുണ്ടാകും.