കൊല്ലം: ജീവിക്കാൻ ഒരു മാർഗവുമില്ലാതെ വലയുന്ന വ്യാപാരികൾക്ക് നേരെയുള്ള പൊലീസിന്റെയും സർക്കാരിന്റെയും വേട്ട അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ ആവശ്യപ്പെട്ടു. കോഴിക്കോട് മിഠായി തെരുവിൽ സമരം ചെയ്ത വ്യാപാരികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊല്ലത്തെ വ്യാപാരികൾ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാരികളെ തൊഴിൽ ചെയ്തുജീവിക്കാൻ അനുവദിക്കണമെന്നും അന്യായമായ പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു. വടയാറ്റുകോട്ട ജില്ലാ വ്യാപാരഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം ചാമക്കട താലൂക്ക് കച്ചേരി വഴി ചിന്നക്കടയിൽ സമാപിച്ചു. മേഖലാ പ്രസിഡന്റ് കെ. രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി. രാജീവ്, എ. അൻസാരി, എസ്. രമേശ്കുമാർ, നേതാജി രാജേന്ദ്രൻ, പൂജ ഷിഹാബ്, എം. ഹുസൈൻ, മേരി റോയി, സജീതാ നജീം തുടങ്ങിയവർ സംസാരിച്ചു.