thief

 നഗരത്തിൽ മോഷണങ്ങൾ പെരുകുന്നു

കൊല്ലം: മോഷണങ്ങളും പിടിച്ചുപറിയും തുടർക്കഥയായതോടെ നഗരം ഭീതിയുടെ പിടിയിൽ. അടുത്തിടെ നടന്ന കവർച്ചകളിലെയും കവർച്ചാശ്രമങ്ങളിലെയും പ്രതികളെ പിടികൂടാനാകാത്തതും ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. അതേസമയം, തസ്തകരവീരന്മാർ നഗരത്തിൽ യഥേഷ്ടം വിലസുകയാണ് ഇപ്പോഴും.

തുടർച്ചയായ കവർച്ചകളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. എന്നിട്ടും സാമൂഹ്യവിരുദ്ധ ശല്യത്തിന് കുറവുണ്ടായില്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ബീച്ച് പരിസരം, ആശ്രാമം, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും യാത്രക്കാർക്ക് നേരെയുള്ള അതിക്രമങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി പ്രസ് ക്ലബ് പരിസരത്ത് കൂടി നടന്നുവരികയായിരുന്ന യുവാവിനെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ചതായും പരാതിയുണ്ട്.

 ഒന്നിനുപിന്നാലെ ഒന്നായി മോഷണ പരമ്പര

രണ്ടാഴ്ച മുമ്പ് ചിന്നക്കടയിലെ സ്പോർട്സ് ഉപകരണങ്ങളുടെ വില്പനശാലയിൽ മോഷണം നടന്നിരുന്നു. ദിവസങ്ങൾക്കുള്ളിൽ തൊട്ടടുത്തുള്ള മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് മൂന്നംഗ സംഘം കവർച്ച നടത്തി. കിളികൊല്ലൂരിൽ ട്യൂട്ടോറിയൽ കോളേജിൽ നിന്ന് ഓൺലൈൻ ക്ലാസിന്റെ സാമഗ്രികൾ മോഷണം പോയി.

പള്ളിമുക്കിലെ രണ്ട് മൊബൈൽ ഷോപ്പുകളിലും മുണ്ടയ്ക്കലിൽ കടയുടെ പിൻഭാഗം തകർത്തും കവർച്ചാശ്രമമുണ്ടായി. ഇന്നലെ ഓലയിൽക്കടവിന് സമീപം പട്ടാപ്പകൽ പലചരക്ക് കടയിൽ നിന്ന് പണം കവർന്നു. ഈ സംഭവങ്ങളിലെ പ്രതികളിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.