voting

പാരിപ്പള്ളി: ബി.ജെ.പി ഭരിക്കുന്ന കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.

പുതിയ ഭരണസമിതി അധികാരമേറ്റിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താൻ കഴിഞ്ഞിട്ടില്ല. പൊതുമരാമത്ത് പണികളും സ്തംഭനാവസ്ഥയിലാണ്. ഗുണഭോക്തൃ അപേക്ഷകൾ ഇതുവരെ സ്വീകരിക്കാനായിട്ടില്ല. നടയ്ക്കൽ വാർഡിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിനായി 16 ലക്ഷം രൂപ ചെലവഴിച്ചതിനെതിരെ ഭരണസമിതിയംഗം തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും യോഗം വിലയിരുത്തി.

പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് സിമ്മിലാൽ, കല്ലുവാതുക്കൽ മണ്ഡലം പ്രസിഡന്റ് വിഷ്ണു, ആർ.എസ്.പി എൽ.സി സെക്രട്ടറി ശാന്തികുമാർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രതീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ശാന്തിനി, ഉഷാകുമാരി, റീനാ മംഗലത്ത്, ഹരീഷ്, പ്രമീള, രജനി രാജൻ, സുഭദ്രാമ്മ എന്നിവർ പങ്കെടുത്തു.