sreehari-22
ശ്രീഹരി

ചാത്തന്നൂർ : വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന നവവരൻ മരിച്ചു. പള്ളിമൺ കിഴക്കേക്കര ഐക്യരഴികം വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെയും മണിയമ്മയുടെയും മകൻ ശ്രീഹരിയാണ് (അച്ചു-22) മരിച്ചത്.

ശ്രീഹരി തൂങ്ങിമരിക്കാൻ ശ്രമിച്ചതറിഞ്ഞ് അമിതമായി ഗുളികകൾ കഴിച്ച ഭാര്യ അശ്വതിയെ (19) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് ശ്രീഹരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന പിതാവും സഹോദരനും ചേർന്ന് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.

പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ശ്രീഹരിയും അശ്വതിയും കഴിഞ്ഞ മാസം പതിമൂന്നിനാണ് പള്ളിമണിലുള്ള ഒരു ക്ഷേത്രത്തിൽ വിവാഹിതരായത്. വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിക്കാനായി ശ്രീഹരിയൊടൊപ്പം പോയ അശ്വതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്‌ ഇവർ സ്റ്റേഷനിൽ ഹാജരാവുകയും പ്രായപൂർത്തിയായ ഇരുവർക്കും ഒരുമിച്ചു ജീവിക്കാൻ താത്പര്യം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹിതരായി ശ്രീഹരിയുടെ വീട്ടിൽ താമസിച്ചു വരുകയുമായിരുന്നു. സംഭവദിവസം വീട്ടുകാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതായി ബന്ധുക്കൾ പറയുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡിൽ ട്രെയിനിയായും അവധി ദിവസങ്ങളിൽ പഴവർഗങ്ങളുടെ വഴിയോര കച്ചവടക്കാരനായും ജോലിചെയ്യുകയായിരുന്നു ശ്രീഹരി. ശ്രീജ, ശ്രീലാൽ എന്നിവർ സഹോദരങ്ങളാണ്.