കരുനാഗപ്പള്ളി: 2020 -21 വർഷത്തിൽ കരുനാഗപ്പള്ളി നഗരസഭയിൽ നടപ്പാക്കുന്ന 11.21 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം. റോഡ്, ക്ഷീരം, മൃഗസംരക്ഷണം , അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്. ഗ്രാമസഭകൾ വിളിച്ച് ചേർത്ത് ഗുണഭോക്താക്കളുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്ന മുറക്ക് പദ്ധതികൾ നടപ്പാക്കി തുടങ്ങും. തികച്ചും സുതാര്യമായ നിലയലായിക്കും ഗുണഭോക്തൃ ലിസ്റ്റുകൾ തയ്യാറാക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡ് വികസനത്തിന് 5 കോടി
ഒരു ഡിവിഷനിൽ 10 ലക്ഷം വീതം
ഇടവിള കൃഷി 40 ലക്ഷം
ക്ഷീര മേഖല 55 ലക്ഷം
പാലിന് സബ്സിഡി 35 ലക്ഷം
തൊഴുത്ത് നവീകരണം 20 ലക്ഷം
മൃഗ സംരക്ഷണം 47 ലക്ഷം
കാർഷിക മേഖലയ്ക്ക് പരിഗണന
നഗരസഭയിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണത്തിനുമായി 5 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഒരു ഡിവിഷനിൽ 10 ലക്ഷം രൂപയുടെ റോഡ് വികസനമാണ് ലക്ഷ്യമിടുന്നത്.മുൻ വർഷങ്ങളെ പോലെ കാർഷിക മേഖലക്ക് ഇക്കുറിയും മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. ചേന, ചേമ്പ്, ചീനി തുടങ്ങിയ ഇടവിള കൃഷിക്കായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുൻസിപ്പാലിറ്റിയിൽ 10 സെന്റുള്ള എല്ലാവർക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ക്ഷീര മേഖലയുടെ വികസനത്തിനായി 55 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി നൽകുന്നതിനായി ക്ഷീര സംഘങ്ങൾക്ക് 35 ലക്ഷം രൂപയും കാലിത്തൊഴുത്തുകളുടെ നവീകരണത്തിന് 20 ലക്ഷം രൂപായം മാറ്റി വെച്ചു. മൃഗ സംരക്ഷണത്തിനായി 47 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
70 കുടുംബങ്ങൾക്ക് ആടുകൾ
എല്ലാ കുടുംബങ്ങൾക്കും കോഴികുഞ്ഞുങ്ങൾ
100 കുടംബങ്ങൾക്ക് കിണർ
200 വീടുകൾക്ക് അറ്റകുറ്റപ്പണി
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്പ് ടോപ്പ്
മത്സ്യത്തൊഴിലാളി മേഖലയിലും പുരോഗതി
മുൻസിപ്പാലിറ്റിയിലെ 70 പാവപ്പെട്ട കുടുംബങ്ങൾക്ക് ആടുകളെ നൽകാനും മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന എല്ലാ കുടുംബങ്ങൾക്കും കോഴികുഞ്ഞുങ്ങളെ നൽകാനും തീരുമാനിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 100 കുടംബങ്ങൾക്ക് കിണർ നിർമ്മിക്കുന്നതിന് പണം നൽകും. 200 വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി പദ്ധതിയിൽ തുക വകയിരുത്തി. മത്സ്യത്തൊഴിലാളി മേഖലയിലും വൻ പുരോഗതിയാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്. പദ്ധതി നടപ്പാക്കുനതിന്റെ ആദ്യപടിയായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്പ് ടോപ്പ് വാങ്ങി നൽകും. 35 വിദ്യാർത്ഥികൾക്കാണ് ലാപ്പ് ടോപ്പുകൾ ആദ്യമായി നൽകുന്നത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫും അറിയിച്ചു.