കൊല്ലം: കാവനാട് സ്വദേശിയായ ബിരുദ വിദ്യാർത്ഥിനിക്ക് സമൂഹമാദ്ധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചയാൾ പിടിയിലായി. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിന് സമീപം ഹൈബാസ് ബിൽഡിംഗിൽ താമസിക്കുന്ന സംഗീത് കുമാറാണ് (25) പിടിയിലായത്.
ഈ വർഷം ഫെബ്രുവരിയിലാണ് സംഗീത് വിദ്യാർത്ഥിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അശ്ലീല സന്ദേശം അയച്ചത്. സംഗീതിന്റെ അക്കൗണ്ട് വിദ്യാർത്ഥിനി ബ്ലോക്ക് ചെയ്തതിന് പിന്നാലെ ആതിര, ദേവിക തുടങ്ങിയ വിവിധ അക്കൗണ്ടുകളിൽ നിന്നും തുടർച്ചായി സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. ഫെബ്രുവരി 27ന് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതം സൈബർ സെല്ലിനും ശക്തികുളങ്ങര പൊലീസിനും പരാതി നൽകി.
ജൂലായ് മാസമായിട്ടും പരാതിയിന്മേൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ മാതാവ് കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം കമ്മിഷണർ ഓഫീസിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കുഴഞ്ഞുവീണ മാതാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിനുശേഷമാണ് വീട്ടിലേക്ക് വിട്ടത്. ഈ സംഭവത്തോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
ശക്തികുളങ്ങര എസ്.എച്ച്.ഒ യു. ബിജു, എ.എസ്.ഐ പ്രദീപ്, സീനിയർ സി.പി.ഒ ബിജു, സി.പി.ഒ മനീഷ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.