ayy

തിരുവനന്തപുരം:മാനസിക സമ്മ‌ർദ്ദവും ജോലി ഭാരവും കുറയ്ക്കുന്നതിന്റെ ഭാഗമായി കൗൺസലിംഗും യോഗാ ക്ളാസുമുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയെങ്കിലും പൊലീസുകാർക്കിടയിൽ ആത്മഹത്യാ പ്രവണതയേറുന്നു. കഴിഞ്ഞ അഞ്ച് വ‌ർഷത്തിനിടെ സംസ്ഥാന പൊലീസിൽ വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം 82 ആയി. 2004 മുതൽ ഇക്കൊല്ലം ഇതുവരെയുള്ള കണക്കാണിത്. ക​ള​മ​ശേ​രി എ.​ആ​ർക്യാ​മ്പി​ലെ ഗ്രേ​ഡ് എ​സ്‌​.ഐ പി.​കെ. അ​യ്യ​പ്പ​ൻ(52) ,​ചോറ്റാനിക്കരയിൽ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രദേവ് എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ ജീ​വ​നൊ​ടു​ക്കി​യ​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ആലപ്പുഴ ജില്ലയിലെ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ രാഗേഷ് (33)​ തൃശൂർ പൊലീസ് അക്കാഡമിയിലെ എസ്.ഐയായിരുന്ന കട്ടപ്പന വാരവഴ സ്വദേശി കെ. അനിൽകുമാർ,​ പൊലീസ് അക്കാഡമിയിലെ തന്നെ മറ്റൊരു എസ്.ഐയായിരുന്ന തൃശൂർ അയ്യന്തോൾ മാടത്തേരിയിലെ അനിൽകുമാർ എന്നിവരാണ് അടുത്തകാലത്ത് ആത്മഹത്യയിൽ അഭിയം തേടിയ മറ്റ് പൊലീസ് സേനാംഗങ്ങൾ. കൊവിഡിനെ തുടർന്നുള്ള അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ പീഡനവുമൊക്കെയാണ് പലരുടേയും ആത്മഹത്യയ്ക്ക് കാരണങ്ങളായത്. കുടുംബപ്രശ്നങ്ങളും മറ്റുചില കാരണങ്ങളാലും ആത്മഹത്യ ചെയ്തവരുമുണ്ട്. സേനാംഗങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗയും കൗൺസലിംഗും തുടരുമ്പോഴാണ് ഈ കണക്ക് ഞെട്ടിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങളൊക്കെ വിജയിക്കുന്നില്ലെന്നതിന്റെ ഉദാഹരണം കൂടിയാണ് പെരുകുന്ന ആത്മഹത്യാക്കണക്ക്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്. മരിച്ച ചിലരുടെയൊക്കെ ആത്മഹത്യാകുറിപ്പിൽ അതൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊന്നും കാര്യമായി അന്വേഷണം നടക്കാത്തതും അച്ചടക്ക നടപടികളിലുണ്ടാകുന്ന അലംഭാവവുമാണ് ഇത്തരം സംഭവങ്ങൾ തുടരാൻ കാരണമായി പറയപ്പെടുന്നത്. തിരുവനന്തപുരം റൂറൽ ജില്ലയാണ് പൊലീസുകാരുടെ ആത്മഹത്യാ നിരക്ക് കൂടുതൽ. എട്ട് പൊലീസ് സേനാംഗങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ജീവനൊടുക്കിയത്. ആലപ്പുഴയിൽ അഞ്ചും എറണാകുളം സിറ്റി, കോഴിക്കോട് സിറ്രി എന്നിവിടങ്ങളിൽ നാല് വീതം പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്.

കാരണങ്ങൾ

 ഉയർന്ന മാനസിക സംഘർഷം

 മേലുദ്യോഗസ്ഥരുടെ പീഡനം

 അനാവശ്യ സ്ഥലംമാറ്റം

 24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി

 കുടുംബപ്രശ്നങ്ങൾ

 സാമ്പത്തിക ബാദ്ധ്യത

പൊലീസുകാരുടെ

ആത്മഹത്യാനിരക്ക്

2014- 9

2015- 6

2016- 15

2017- 14

2018- 11

2019- 13

കേസുകൾ: 18 ലക്ഷം

അന്വേഷിക്കാനുള്ളത്: 15,000

പൊലീസ് ഹാപ്സ്

കൗൺസലിംഗ് പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മഹത്യാ പ്രവണത ഒഴിവാക്കാനുമായി മൂന്നു വർഷം മുമ്പ് ഹാപ്സ് (ഹെൽപ്പ് ആന്റ് അസിസ്റ്റൻസ് ടു പായ്ക്ക് സ്ട്രെസ്) എന്ന പേരിൽ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ ആരംഭിച്ച സ്ട്രെസ് മാനേജ്മെന്റ് സെന്ററിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തോളം പൊലീസുകാർ സേവനം തേടിയെത്തി. കടുത്ത മാനസിക സമ്മർദ്ദമായിരുന്നു പലരുടെയും പ്രശ്നം. ജോലി ഭാരം, മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദം, ഭീഷണി, കുടുംബപരമായ പ്രശ്നങ്ങൾ, രോഗങ്ങൾ തുടങ്ങിയവയാണ് മിക്കവരുടെയും പ്രശ്നം. ജോലി സംബന്ധമായ വൈഷമ്യങ്ങൾക്ക് മേലുദ്യോഗസ്ഥരുടെ സഹായത്തോടെയും മറ്ര് വിഷയങ്ങൾക്ക് കൗൺസലിംഗിലൂടെയും പരിഹാരം കാണാൻ കഴിഞ്ഞിട്ടുള്ളതായി കൗൺസിലർ ഡോ. ദീപക് പറഞ്ഞു. മദ്യത്തിനും മറ്റും അടിമപ്പെട്ടവർക്ക് ഡി അഡിക്ഷൻ ചികിത്സയ്ക്കുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാലുവരെ സൗജന്യമായാണ് സേവനം. കൗൺസലിംഗിന് വരുന്നവർക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കും.

അന്വേഷണം വേണം

ആത്മഹത്യ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കൃത്യമായ അന്വേഷണം വേണം. പൊലീസുകാരുടെ ജോലി ഭാരം ലഘൂകരിക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും നടപടി വേണം.

സംസ്ഥാന ജനറൽ സെക്രട്ടറി

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ