ഓച്ചിറ: കൊറ്റമ്പള്ളി ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. എം.എസ് ഭവനത്തിൽ സുധയ്ക്കാണ് വീട് നിർമ്മിച്ച് നൽകിയത്. വിധവയായ സുധയും മകളും അടച്ചുറപ്പില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ഷെഡിലായിരുന്നു താമസം. ഭർത്താവ് ഏഴ് വർഷം മുമ്പ് ട്രെയിൽ തട്ടി മരണമടഞ്ഞിരുന്നു. കുടുംബ സാഹചര്യം മനസിലാക്കി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി വീട് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. ഏഴ് ലക്ഷം രൂപ ചെലവിൽ 520 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. മൂന്ന് മുറിയും അടുക്കളയുമുള്ള വീടിനോട് ചേർന്ന് കുളിമുറിയും ശൗചാലയവുമുണ്ട്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുനിൽ കുമാർ രേഖകൾ കൈമാറി. എൻ. കൃഷണകുമാർ, ബി. സെവന്തി കുമാരി, അൻസാർ മലബാർ, മെഹർഖാൻ, സന്തോഷ് തണൽ, മണിയപ്പൻ, പ്രശാന്ത് കണ്ണമ്പള്ളി, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.