തൊടിയൂർ: തൊഴിലാളികളുടെ സേവന-വേതന കരാർ കലാവധി അവസാനിച്ച് മുപ്പത് മാസം പിന്നിട്ടിട്ടും പുതുക്കാൻ തയാറാകാത്ത മാനേജ്‌മെന്റ് നിലപാടിൽ പ്രതിഷേധിച്ച് യു.ടി.യു.സി
യുടെ നേതൃത്വത്തിൽ കല്ലേലിഭാഗത്തെ കേരള ഫീഡ്‌സിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. തൃശൂർ കല്ലേറ്റിൻകര ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യത്തിന്റെ അറുപത് ശതമാനം പോലും കരുനാഗപ്പള്ളി ഫാക്‌ടറിയിലെ തൊഴിലാളികൾക്ക് ലഭിക്കാതെ പോകുന്നത് ഇരട്ടനീതിയാണെന്നും അടിയന്തരമായി ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യൂണിയൻ നേതൃത്വം നൽകുമെന്നും എം പി.പറഞ്ഞു. കമ്പനി പ്രവർത്തനം ആരംഭിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനോ ,വിശ്രമിക്കാനോ സൗകര്യം ഏർപ്പെടുത്താത്ത മാനേജ്മെന്റ് നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
യൂണിയൻ സെക്രട്ടറി എം .എസ് .ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് എസ്.മോഹൻദാസ്, ആർ.എസ്.പി മണ്ഡലം സെക്രട്ടി പി.രാജു, സി.എം.ഷെറീഫ് ,ഇ. കെ.വിശ്വാനന്ദൻ, എ.സുദർശനൻ, പാവുമ്പഷാജഹാൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ പി.സുഭാഷ് സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു.