കൊല്ലം: ചവറ പനന്തോടിൽ മുക്കിന് സമീപമുള്ള പുത്തൻകോവിൽ ക്ഷേത്രത്തിന്റെയും വേളാങ്കണ്ണി മാത പള്ളിയുടെയും പരിസരങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം. പ്രദേശവാസികൾ പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് ഇടപെടുന്നില്ല. ക്ഷേത്രത്തിനടുത്തുള്ള കോട്ടത്താഴം മുക്ക്, കട്ടകമ്പിനി, ക്ഷേത്രത്തിന് സമീപത്തെ പെട്ടിക്കട, വെളുത്തമണലിലെ ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളാണ് സാമൂഹ്യവിരുദ്ധരുടെ പ്രധാന താവളം. വൈകിട്ട് അഞ്ചരയോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഇവിടെയെത്തി തമ്പടിക്കും. പിന്നെ റോഡ് വക്കിലും കടകളുടെ പിറകുവശങ്ങളിലുമായി മദ്യപാനം ആരംഭിക്കും. ഇത്തരം സംഘങ്ങൾ തമ്മിലുള്ള അടിപിടിയും അസഭ്യവർഷവും പതിവാണ്. അതുകൊണ്ട് തന്നെ സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശത്ത് കൂടി സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാനാകാത്ത സ്ഥിതിയാണ്. വിശ്വാസികൾ ക്ഷേത്രത്തിലും പള്ളിയിലും പോകാനാകാതെയും വിഷമിക്കുകയാണ്.
ലഹരി ഉപയോഗവും വില്പനയും
പുറത്ത് നിന്നെത്തുന്നവർ നിരോധിത ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വില്പനയും ഇവിടം കേന്ദ്രീകരിച്ച് നടത്തുന്നതായി പരാതിയുണ്ട്. വൈകിട്ട് എത്തുന്നവർ അർദ്ധരാത്രി കഴിഞ്ഞാണ് ഇവിടം വിട്ടുപോകുന്നത്. പലപ്പോഴും ഗതാഗതം തടസപ്പെടുത്തി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാറുമുണ്ട്. പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.