കൊട്ടാരക്കര: വല്ലം വാർഡിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. വാർഡിലെ പല ഭാഗത്തും തെരുവ് വിളക്കുകൾ നാളുകളായി കത്താറില്ല. ഇതു സംബന്ധിച്ച് പ്രദേശവാസികൾ ബന്ധപ്പെട്ടവർക്ക് പലപ്പോഴും നിവേദനം നൽകിയിട്ടുണ്ടെങ്കിലും തെരുവ് വിളക്കുകൾ കത്തിക്കാൻ ഇനിയും നടപടികളായിട്ടില്ല. പൊതുവെ ഗതാഗത സൗകര്യം തീരെ കുറവുള്ള ഈ മേഖലയിൽ സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും റോഡ് വശങ്ങളിലെ കുറ്റിക്കാടുകളും ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യവും തെരുവു നായകളുടെ ഭീഷണിയും രാത്രികാല യാത്ര ദുരിതത്തിലാക്കുന്നു. എത്രയും വേഗം തെരുവു വിളക്കുകൾ പ്രകാശിപ്പിച്ചില്ലെങ്കിൽ മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി വല്ലം വാർഡ് സമിതി അംഗങ്ങൾ മുന്നറിയിപ്പ് നൽകി. സമിതി പ്രസിഡന്റ് താഴതിൽ ഗിരീഷ്, അജിത് ചാലൂക്കോണം,സതീശൻ, ബാഹുലേയൻ, ശ്രീകുമാർ, പ്രേംകുമാർ, തുളസീധരൻപിള്ള എന്നിവർ സംസാരിച്ചു.