photo
ബിനോയിയും ഭാര്യയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഷീബയും മകൾക്കൊപ്പം മൈലം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സത്യഗ്രഹ സമരം നടത്തുന്നു

കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തിൽ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറെ പിരിച്ചുവിട്ടു. തുടർന്ന് ഡ്രൈവറും മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ ഭാര്യയും മകൾക്കൊപ്പമെത്തി പഞ്ചായത്ത് ഓഫീസിൽ സത്യഗ്രഹസമരം നടത്തി. താത്കാലിക ഡ്രൈവർ ബിനോയിയെയാണ് പിരിച്ചുവിട്ടത്. സി.പി.എമ്മിലെ ബിന്ദു.ജി.നാഥാണ് പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റ് ഔദ്യോഗിക വാഹനം ഒരുമാസമായി ഉപയോഗിച്ചിരുന്നില്ല. ഡ്രൈവറെ പിരിച്ചുവിടണമെന്ന നിലയിൽ പ്രസിഡന്റ് സെക്രട്ടറിയ്ക്ക് കത്ത് നൽകുകയും കഴിഞ്ഞ ദിവസം കത്ത് പഞ്ചായത്ത് കമ്മിറ്റിയിൽ വച്ച് ഭൂരിപക്ഷ അഭിപ്രായത്തോടെ പാസാക്കുകയും ചെയ്തു. സി.പി.എമ്മിലെയും സി.പി.ഐയിലെയും കേരളകോൺഗ്രസ്(ബി)യിലെയും അംഗങ്ങൾ എതിർത്തിട്ടും ബി.ജെ.പിയുടെയും ഇടത് വിമതരായി നിന്ന് ജയിച്ചവരുടെയും പിന്തുണയോടെയാണ് പ്രസിഡന്റിന്റെ തീരുമാനം പാസായത്. ഇതേച്ചൊല്ലി മുന്നണിയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായി. കേരള കോൺഗ്രസ്(ബി) പ്രസിഡന്റിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. സി.പി.എം അംഗമായ പതിനാറാം വാർഡ് മെമ്പർ ജി.സുരേഷ് കുമാർ പാർട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചിട്ടുമുണ്ട്. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ബിനോയിയോട് വാഹനത്തിന്റെ താക്കോൽ കൈമാറണമെന്ന് രേഖാമൂലം സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിലെത്തി താക്കോൽ കൈമാറിയ ശേഷമാണ് ബിനോയിയും ഭാര്യയും മകളും ഓഫീസിന് മുന്നിലായി കുത്തിയിരിപ്പ് സമരം നടത്തിയത്. ഇന്ന് രാവിലെ വീണ്ടും സമരം തുടരാനാണ് തീരുമാനം.