accused-sarath-
ശരത്ത്

കൊല്ലം: നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മൊബൈൽ ഫോൺ കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ഉമയനല്ലൂർ പടനിലം കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ശരത്താണ് (24) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ഈ മാസം നാലിന് പുലർച്ചെ പായിക്കട റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ കടയുടെ ഷട്ട‌ർ കുത്തിത്തുറന്ന് പതിനായിരം രൂപയും സർവീസിന് നൽകിയ മൊബൈലും കവർന്ന സംഘത്തിലെ അംഗമാണ് ശരത്. കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ശരത്തിനെ പൊലീസ് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ഉമയനല്ലൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാൾ അവിടെ ഉണ്ടായിരുന്നില്ല.

തുടർന്ന് ശരത്തിന്റെ അമ്മയുടെ ഫോൺ പരിശോധിച്ചപ്പോൾ അടുത്തിടെ നഗരത്തിൽ വച്ച് പിടിച്ചുപറിക്കപ്പെട്ട ഒരു ഫോണിൽ നിന്ന് വിളി വന്നതായി കണ്ടു. ഫോൺ കവർന്ന ശരത്തിന്റെ സുഹൃത്ത് ഉപയോഗിക്കാനായി നൽകുകയായിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം കടവന്ത്രയിൽ നിന്നാണ് പ്രതി പിടിയിലായത്.

സംഘത്തിലെ മറ്റ് രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പരവൂരിലടക്കം സംഘം നടത്തിയ മോഷണങ്ങൾ ശരത്ത് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ദിൽജിത്ത്, ജയലാൽ, സി.പിഒമാരായ സുനിൽഷാ അനിൽ, പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.