കൊല്ലം: മികച്ച സേവനത്തിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ 2021ലെ അതിഉത്കൃഷ്ട സേവാ പതക് പുരസ്കാരം കൊല്ലം സിറ്റി അഡി. ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാന് ലഭിച്ചു. 25 വർഷത്തിലധികം കേന്ദ്ര, സംസ്ഥാന പൊലീസുകളിൽ കറപുരളാത്ത സേവനത്തിൽ ഏർപ്പെട്ടവരുടെ സമഗ്രസംഭാവനയും പ്രവർത്തനമികവും കണക്കിലെടുത്താണ് പുരസ്കാരം. കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. മെറിറ്റോറിയസ് സർവീസ് പുരസ്കാരവും മൂന്ന് തവണ ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്. സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ നിരവധി കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കഞ്ഞങ്ങാട് രാജധാനി ജുവലറി കവർച്ചക്കേസ്, കതിരൂർ മനോജ് വധക്കേസ്, ഷഹീദ്ബാവ കൊലക്കേസ്, ടി.പി വധക്കേസ്, കുപ്രസിദ്ധ അധോലോക കുറ്റവാളി രവിപൂജാരി പ്രതിയായ കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്, ബ്യൂട്ടീഷ്യൻ അദ്ധ്യാപിക സുചിത്രപിളള വധക്കേസ് തുടങ്ങി നിരവധി സംഭവങ്ങളിൽ അന്വേഷണ മികവ് തെളിയിച്ചിട്ടുണ്ട്.