കരുനാഗപ്പള്ളി: തഴവാ ഗവ.ആർട്സ് ആൻഡ് കോളേജ് കെട്ടിട നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ ആഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുമെന്ന് സി.ആർ.മഹേഷ് എം. എൽ. എ യുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. കരുനാഗപ്പള്ളി ഗവ. റസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. കെട്ടിട നിർമ്മാണത്തിന് 13. 87 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് കാമ്പസിൽ 5 ഏക്കർ സ്ഥലമാണ് ഗവ.കോളേജിന് വേണ്ടി കൈമാറിയത്.നിലവിലുള്ള തുക ഉപയോഗിച്ച് കോളേജ് കെട്ടിടത്തിന്റെ ആദ്യ ഫേസ് പൂർത്തിയാക്കും. കോളേജ് ഓഫീസ്, ക്ലാസ് മുറികൾ തുടങ്ങിയുടെ പ്രോജക്റ്റുകളും നിർദ്ദേശങ്ങളും തയ്യാറാക്കാൻ കോളേജ് അധികൃതരെ യോഗം ചുമതലപ്പെടുത്തി. കരുനാഗപ്പള്ളിയിലെ ഗവ.കോളേജിന് ലഭിച്ച പുതിയ കോഴ്സിൽ അഡ്മിഷൻ ആരംഭിക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾ ഉടൻ സ്വീകരിക്കുമെന്ന് സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു. എം.എ ഇന്റഗ്രേറ്റഡ് പൊളിറ്റിക്കൽ സയൻസ് ആണ് പുതുതായി അനുവദിച്ച കോഴ്സ്. 5 വർഷമാണ് കോഴ്സിന്റെ കാലാവധി. ഡിഗ്രി പ്ലസ് പി.ജി സംവിധാനമാണ് ഈ കോഴ്സിന്റെ പ്രത്യേകത. 360 വിദ്യാർത്ഥികളാണ് ഗവ. കോളേജിൽ നിലവിൽ പഠിക്കുന്നത് . ബി.എ മലയാളം, ഇംഗ്ലീഷ്, സോഷ്യോളജി, ബികോം ഫിനാൻസ് എന്നിവയാണ് നിലവിലുള്ള കോഴ്സുകൾ. സി .ആർ. മഹേഷ് എം.എൽ.എ വിളിച്ച് ചേർത്ത യോഗത്തിൽ കിറ്റ്കോ ഓഫീസർ പ്രതീഷ്, തഴവാ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഇൻ -ചാർജ് ഡോ.ഇന്ദുശ്രീ, സൂപ്രണ്ട് ജലീൽ, പ്രൊഫസർമാരായ ഹരികുമാർ, ജെയിംസ് വർഗീസ്, ഓഫീസ് ഇൻ-ചാർജ് അജിത് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ എ.ആർ.അനീഷ് എന്നിവർ പങ്കെടുത്തു.