കൊല്ലം: മനംകവരുന്ന പ്രകൃതി ഭംഗികൊണ്ട് സുന്ദരമാണ് നെടുവത്തൂർ പഞ്ചായത്തിലെ ആനയം ഗ്രാമം. പാറക്കെട്ടുകളും നീർച്ചാലുകളും സൗന്ദര്യം തുളുമ്പുന്ന പാറക്കുളവും പച്ചപ്പുമൊക്കെ കാഴ്ചക്കാർക്ക് ഇഷ്ടമാകും. പഞ്ചായത്തിലെ വെൺമണ്ണൂർ, ആനക്കോട്ടൂർ വാർഡുകളുടെ അതിർത്തിയിൽ ആറര ഏക്കറോളം പൊതുസ്ഥലവുമുണ്ട്. കരിമ്പാറ പൊട്ടിച്ചുണ്ടായ കുളമാണെങ്കിലും ഇപ്പോൾ വെള്ളം നിറഞ്ഞും ചുറ്റും പച്ചപ്പ് പടർന്നും മനോഹര ജലാശയമായി മാറിയിരിക്കയാണ്.
സാഹസിക ടൂറിസം
സാഹസിക ടൂറിസത്തിനാണ് ആനയം കൂടുതൽ ഇണങ്ങുക. ആകാശത്തെ തൊട്ടുനിൽക്കുന്ന പാറക്കെട്ടുകളിലേക്കുള്ള കയറ്റം ഹൃദ്യാനുഭവമാക്കിയെടുക്കാം. നീന്തലിനും ബോട്ടിംഗിനും പാറക്കുളത്തിൽ വേണ്ടുവോളം സൗകര്യങ്ങളുണ്ട്. ട്രക്കിംഗ്, കിയാക്കിംഗ്, ഷൂട്ടിംഗ് പരിശീലനം, നീന്തൽ പരിശീലനം എന്നിവയ്ക്കൊക്കെ അനുയോജ്യമായ സ്ഥലമാണെന്നാണ് വിലയിരുത്തൽ
ഷൂട്ടിംഗ് പരിശീലിക്കാം
മുൻപ് സേനയുടെയും എൻ.സി.സിയുടെയും ഷൂട്ടിംഗ് പരിശീലനത്തിന് യോജിച്ച സ്ഥലമാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും അതിന്റെ മുന്നോട്ടുപോക്കുണ്ടായില്ല. എൻ.സി.സിയ്ക്ക് കൊട്ടാരക്കരയിൽ ആസ്ഥാനം ഉണ്ടെന്നിരിക്കെ അതിന്റെ സാദ്ധ്യതകൾ ഇനിയും പരിശോധിക്കപ്പടേണ്ടതാണ്. പഞ്ചായത്തിലെ പൊങ്ങൻപാറ ടൂറിസം പദ്ധതി മുൻപ് തുടങ്ങിവച്ചിടത്ത് നിൽക്കുകയാണ്. മന്ത്രി കെ.എൻ.ബാലഗോപാൽ വിഭാവനം ചെയ്ത ടൂറിസം സർക്യൂട്ടിൽ പൊങ്ങൻപാറയ്ക്ക് ഇടം ലഭിക്കുമെന്ന സൂചനകളുണ്ട്. ആ നിലയിൽ തൊട്ടടുത്തുള്ള ആനയംകൂടി ഉൾപ്പെടുത്തിയാൽ സഞ്ചാരികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും കൂടുതൽ താത്പര്യമുദിക്കും. ആനയം ഗ്രാമത്തിന്റെ വളർച്ചയ്ക്കും അത് കാരണമാകും.
മന്ത്രി സന്ദർശിച്ചു, നാടിന് പ്രതീക്ഷ
ആനയത്തിന്റെ ടൂറിസം, സാഹസിക ടൂറിസം സാദ്ധ്യതകൾ ബോദ്ധ്യപ്പെടുന്നതിനായി മന്ത്രി കെ.എൻ.ബാലഗോപാൽ സന്ദർശിച്ചു. പാറക്കെട്ടുകളും പച്ചപ്പ് വിരിച്ച പ്രദേശങ്ങളും വിശാലമായ പാറക്കുളവുമൊക്കെ മന്ത്രി നേരിട്ട് ബോദ്ധ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗം എൻ.ജയചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ള, ആനയം തുളസി, കേണൽ ഡോ.ഇന്ദുലാൽ എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. ബഡ്ജറ്റിൽ പ്രഖ്യാപിച്ച ടൂറിസം സർക്യൂട്ടിൽ ആനയവും ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.