തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിൽ തടവുകാർ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് ചോദിച്ചാൽ ഉദ്യോഗസ്ഥർക്ക് കൈമലർത്തുകയേ നിവൃത്തിയുള്ളൂ. കാരണം മറ്റൊന്നുമല്ല, തടവുകാരെ നിരീക്ഷിക്കാനുള്ള വാച്ച് ടവറുകളുടെ (നിരീക്ഷണ) കാഴ്ച മറച്ചുകൊണ്ട് അശാസ്ത്രീയമായി നിർമ്മിച്ച മതിലുകളാണ് നിരീക്ഷണത്തിന് വിലങ്ങു തടിയായിരിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര, തൃശൂരിലെ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലാണ് ജയിൽവളപ്പിലെ നിരീക്ഷണത്തിനായി വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി വാച്ച് ടവറുകൾ നിർമ്മിച്ചത്.
60 ലക്ഷം സ്വാഹ
മൂന്ന് ജയിലുകളിലെ നിരീക്ഷണത്തിനായി വാച്ച് ടവർ നിർമ്മിക്കാൻ ഒരെണ്ണത്തിന് 20 ലക്ഷം രൂപ വച്ച് ആകെ 60 ലക്ഷമാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 1992-93 കാലഘട്ടത്തിലായിരുന്നു നിർമ്മാണം. മതിലുകൾ ഉയർന്നപ്പോൾതന്നെ കാഴ്ച മറയുമെന്ന് ബോദ്ധ്യപ്പെട്ടതോടെ വിയ്യൂരിലും കണ്ണൂരിലെ വാച്ച് ടവറുകളുടെ നിർമ്മാണം പാതിവഴിക്ക് നിറുത്തിയിരുന്നു. ഇപ്പോഴിതാ പൂജപ്പുരയിലെ വാച്ച് ടവർ പൊളിച്ചുകളയാനുള്ള ആലോചനയും സജീവമായി നടക്കുകയാണ്.
ലക്ഷ്യം ജയിൽ ചാട്ടം, ലഹരി കടത്ത് തടയുക
ജയിൽ ചാട്ടവും ജയിലിലേക്ക് കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടെയുള്ള സാധനങ്ങൾ കടത്തുന്നത് തടയാനും ഉദ്ദേശിച്ചാണ് അന്നുണ്ടായിരുന്ന മതിലുകളെക്കാൾ ഉയരത്തിൽ വാച്ച് ടവറുകൾ നിർമ്മിച്ചത്. ഒരേസമയം ഒന്നിലധികം ഉദ്യോഗസ്ഥർക്ക് ജയിലും പരിസരവും നീരീക്ഷിക്കാൻ ഇതിലൂടെ കഴിയുമായിരുന്നു. ജയിൽവളപ്പ് മുഴുവനായി കാണാനാവുമെന്നതിനാൽ എന്ത് സംഭവം ഉണ്ടായാലും ജീവനക്കാർക്ക് മനസിലാക്കാനും കഴിയും. വിയ്യൂരിലും കണ്ണൂരിലും മുമ്പ് വാച്ച് ടവർ നിർമ്മാണം നടക്കുന്നതിനിടെയാണ് ജയിൽ മതിലുകളുടെ ഉയരം കൂട്ടാനും വൈദ്യുത വേലി സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചത്. അതോടെ വാച്ച് ടവർ പണി അവിടെ നിറുത്തി. പൂജപ്പുരയിൽ ജില്ലാ ജയിലിലേക്കുള്ള റോഡിന്റെ വശത്ത് മതിലിന്റെ ഉയരം കൂട്ടിയതോടെ വാച്ച് ടവർ ഉപയോഗശൂന്യമായി. ഇതോടെ വാച്ച് ടവറിൽ ഇരുന്ന് നിരീക്ഷിക്കുന്നതും പ്രയോജനമില്ലാതായി. അതോടെ വാച്ച് ടവറിന് പൂട്ട് വീണു. പൂജപ്പുരയിൽ സെൻട്രൽ ജയിലിന്റെ ആശുപത്രി സെല്ലിനോട് ചേർന്ന് മതിലരികിലാണ് വാച്ച് ടവർ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നാലുവശവും കാട് മൂടി അവഗണിക്കപ്പെട്ട് കിടക്കുകയാണ്. ഇവിടം ഇഴജന്തുക്കളുൾപ്പെടെ ക്ഷുദ്രജീവികളുടെ താവളമാണ്. പുറത്ത് നിന്നെത്തുന്നവർക്ക് ഒളിച്ചിരിക്കാനും ലഹരി വസ്തുക്കളും ആയുധങ്ങളും ഒളിപ്പിക്കാനും പറ്റിയ ഇടമായ ഇവിടം ജയിൽ സുരക്ഷയ്ക്കും ഭീഷണിയാണ്.
ടവർ പൊളിക്കും, കാടും പടലവും നീക്കും
പൂജപ്പുര സെൻട്രൽ ജയിലിലെ വാച്ച് ടവർ ഉപയോഗശൂന്യമായതിനാലാണ് അടച്ചിട്ടിരിക്കുന്നത്. ജയിൽ മതിലിന് ഉയരം കൂട്ടുകയും വൈദ്യുതി വേലി സ്ഥാപിക്കുകയും ചെയ്തതോടെ ജയിൽചാട്ടത്തിനുള്ള സാദ്ധ്യതകൾ വിരളമാണ്. വാച്ച് ടവറിന് ബലക്ഷയവുമുണ്ട്. ജയിലിലെ ലഹരി വിമുക്ത ചികിത്സയ്ക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലമാണ് ഇവിടം. ലഹരി വിമുക്ത ചികിത്സാകേന്ദ്രത്തിന്റെ നിർമ്മാണത്തിനായി ടവർ പൊളിച്ചു നീക്കും. ജയിൽ വളപ്പിലെ കാടും പടലും നീക്കം ചെയ്ത് സുരക്ഷാ ഭീഷണി ഒഴിവാക്കാനും നടപടിയെടുക്കും
ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി