കൊട്ടാരക്കര: അപകടാവസ്ഥയിലെന്ന വ്യാജേന സ്വകാര്യ വ്യക്തികളുടേതുൾപ്പടെ വ്യാപകമായി മരംമുറിച്ച് കടത്തിയ സംഭവത്തിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി നഗരസഭാ സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചന്തമുക്ക് നാലാംവാർഡിലെ സി.വി.തോമസ് എന്നയാളുടെ ഭൂമിയിൽ നിന്ന് അറുപതിൽപ്പരം മരങ്ങളാണ് മുറിച്ച് കടത്തിയത്. ഇതിനെതിരെ ഇന്നലെ സി.വി.തോമസ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭൂമി ഉടമയ്ക്ക് നോട്ടീസ് നൽകാതെയാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ മരം മുറിച്ചത്. പൊതുസ്ഥലങ്ങളിലെ മരങ്ങളും മുറിച്ചുനീക്കി. തടികൾ വൻ വിലയ്ക്ക് കൈമാറ്റം ചെയ്തുവെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. നഗരസഭ ചെയർമാനെതിരെ പൊലീസ് കേസെടുക്കണമെന്നും ചെയർമാൻ സ്ഥാനം രാജിവച്ചൊഴിയണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ശക്തമാക്കുമെന്നും നേതാക്കളായ അനീഷ് കിഴക്കേക്കര, രാജീവ് കേളമത്ത്, അരുൺ കാടാംകുളം, ഗിരീഷ് എന്നിവർ ആവശ്യപ്പെട്ടു.