ganja

ചാത്തന്നൂർ: ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്നതിനിടെ ചാത്തന്നൂരിൽ വച്ച് പൊലീസ് പിടികൂടിയ 84 കിലോഗ്രാം കഞ്ചാവ് കൊല്ലം ബീച്ച് കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്താനെന്ന് പ്രതികളുടെ മൊഴി. കഞ്ചാവുമായി ചാത്തന്നൂർ പൊലീസ് പിടികൂടിയ ചാത്തന്നൂർ താഴംതെക്ക് ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാർ (34), കാരംകോട് പണ്ടാരത്തോപ്പിൽ രതീഷ് അശോകൻ (37), ചാത്തന്നൂർ രാഹുൽ ഭവനിൽ വിഷ്ണുവിജയൻ (30), കടയ്‌ക്കൽ ചിതറ വളവുപച്ച ഹെബി നിവാസിൽ ഹെബിമോൻ (40) എന്നിവരാണ് ചോദ്യം ചെയ്യലിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ മാസം അഞ്ചിന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ചാത്തന്നൂർ സിവിൽ സ്റ്റേഷന് സമീപം കഞ്ചാവുമായി നാലംഗ സംഘം പൊലീസിന്റെ പിടിയിലായത്. റിമാൻഡിലായിരുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ചാത്തന്നൂർ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. മൂന്നാം പ്രതിയായ ഹെബിമോൻ വാരാന്ത്യങ്ങളിൽ കൊല്ലം ബീച്ചിൽ ബാഗ്, ചെരുപ്പ് തുടങ്ങിയവ കച്ചവടം ചെയ്യുന്നയാളാണ്. ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കച്ചവടത്തിനുള്ള സാധനങ്ങൾ എത്തിക്കുന്നതിന്റെ മറവിലാണ് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. 500 രൂപയുടെ ചെറുപൊതികളാക്കി ബീച്ചിൽ കറങ്ങിനടന്ന് വില്പന നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ പറഞ്ഞു.