പുനലൂർ: കൊവിഡിനെ തുടർന്ന് പുനലൂർ-തെങ്കാശി റെയിൽവേ റൂട്ടിൽ നിറുത്തി വച്ചിരുന്ന പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 16ന് രാവിലെ 10ന് പനലൂർ നഗരസഭയിലെ ഇടത് കൗൺസിലർമാർ റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തുമെന്ന് എൽ.ഡി.എഫ് മണ്ഡലം കൺവീനർ എസ്.ജയമോഹൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊവിഡ് വ്യാപനങ്ങൾക്ക് മുമ്പ് 7പാസഞ്ചർ ട്രെയിനുകളാണ് ഇത് വഴി സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ ഇതിൽ രണ്ട് സർവീസുകൾ എക്സ്പ്രസുകളാക്കി മാറ്റി.എന്നാൽ പുനലൂർ-കന്യാകുമാരി പാസഞ്ചറും സർവീസ് പുനരാരംഭിച്ചിട്ടില്ല. കൊവിഡ് വ്യാപനം കുറഞ്ഞതോടെ കൊല്ലം,ആലപ്പുഴ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ പഴയത് പോലെ ആരംഭിച്ചെങ്കിലും പുനലൂർ,ഇടമൺ, തെന്മല,ആര്യങ്കാവ് അടക്കമുള്ള കിഴക്കൻ മലയോര മേഖലയോട് റെയിൽവേയുടെ അവഗണന തുടരുകയാണ്. അവഗണന തിരുത്തി കൊവിഡ് വ്യാപനങ്ങൾക്ക് മുമ്പ് ഇത് വഴി ഉണ്ടായിരുന്ന എല്ലാ ട്രെയിൻ സർവീസുകളും പുനരാരംഭിക്കുന്നതിന് പുറമെ പുതിയ സർവീസുകളും ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഇടത് കൗൺസിലർമാർ ധർണ സംഘടിപ്പിച്ചിരിക്കുന്നത്.