ഓയൂർ: വാപ്പാല - അമ്പലംകുന്ന് റോഡിൽ വാളിയോട് പോസ്റ്റോഫീസ് ജംഗ്ഷനും കിളിക്കോടിനുമിടയിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി. വാളിയോട് പീടികയിൽ വീട്ടിൽ ജേക്കബിന്റെ വീടിന് സമീപത്തായാണ് മാലിന്യം ഒഴുക്കിയത്. നാളുകൾക്ക് മുമ്പ് വാപ്പാലയ്ക്കും കോണത്ത് മുക്കിനുമിടയിലും സമാനമായ സംഭവമുണ്ടായി. അസമയങ്ങളിലായതിനാൽ വാഹനം കണ്ടു പിടിക്കാൻ സാധിക്കുന്നില്ല. മഴക്കാലമായതിനാൽ സാംക്രമിക രോഗങ്ങൾ പടരാനും സാദ്ധ്യതയുണ്ട്. രാത്രി കാലങ്ങളിൽ പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.