ചാത്തന്നൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ചാത്തന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബി.ജെ.പി അംഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക, കോയിപ്പാട്ട് ശ്മശാനത്തിനായി വാങ്ങിയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ആർ. സന്തോഷ് അദ്ധ്യക്ഷനായിരുന്നു. കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി. അനിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീനാരാജൻ, ശരത്ചന്ദ്രൻ, മീരാ ഉണ്ണി, മഹിളാമോർച്ച സെക്രട്ടറി ഷീജ, സബീന, ദിനേഷ്, ഷൈജു എന്നിവർ നേതൃത്വം നൽകി.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതിയില്ലാതെയും കൂട്ടം കൂടിയതിന് പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം പ്രതിഷേധക്കാർക്കെതിരെ പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.