കൊല്ലം: കടകൾ പൂർണമായും തുറന്നുപ്രവർത്തിപ്പിക്കാൻ അനുമതി നൽകാത്ത പശ്ചാത്തലത്തിൽ എല്ലാ കടകളും തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചു. അശാസ്ത്രീയമായ നിയന്ത്രണങ്ങളെ തുടർന്ന് ജനങ്ങളുടെ തള്ളിക്കയറ്റമുണ്ടാകുന്നത് തടയാനും വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് കടകൾ തുറക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം. നസീർ, സംസ്ഥാന സെക്രട്ടറി നിജാം ബഷി എന്നിവർ അറിയിച്ചു. വൻ ബാദ്ധ്യതയിൽ നിൽക്കുന്ന വ്യാപാരികൾക്ക് അനുകൂല്യങ്ങൾ ഒന്നും തന്നെയില്ല. യൂറോപ്യൻ രാജ്യങ്ങൾ ചെയ്യുന്നത് പോലെ ജനങ്ങൾക്ക് ആവശ്യമുള്ള സാമ്പത്തികം നേരിട്ട് അക്കൗണ്ടിലേക്ക് കേന്ദ്ര, കേരള സർക്കാരുകൾ നൽകണം, കൊവിഡ് പാക്കേജ് നടപ്പാക്കണം തുടങ്ങിയ 18 ആവശ്യങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് നൽകി. വ്യാപാരികളുടെ പ്രശ്നത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ഭാരവാഹികളായ ആർ. വിജയൻപിള്ള, എം. ഷാഹുദ്ദീൻ, എ.എ. കലാം, സി.എസ്. മോഹൻദാസ്, ഷിഹാൻബഷി, ഐ.വി. നെൽസൺ, സുബ്രു എൻ. സഹദേവ്, എൻ. രാജഗോപാലൻ നായർ, ഡി. മുരളീധരൻ, വി.ഡി. ദിനമോൻ, നുജൂം കിച്ചൻഗാലക്സി, ജി. കൃഷ്ണൻകുട്ടിനായർ, ചന്ദ്രൻ കലയനാട്, എച്ച്. സലിം, ഷാജഹാൻ പഠിപ്പുര, റൂഷ പി. കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.