മിന്നൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കൊല്ലം: കുപ്പിവെള്ളവും ശീതളപാനീയങ്ങളും സൂര്യപ്രകാശമേൽക്കുന്ന തരത്തിൽ പ്രദർശിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ പിഴ ചുമത്തും. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകളായി പരിശോധന നടത്തും. സൂര്യപ്രകാശമേൽക്കുമ്പോൾ പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളത്തിന് രാസമാറ്റം സംഭവിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് നടപടി.
ഇന്ന് മുതൽ 16 വരെ ജില്ലയിലെ ഏഴ് ഭക്ഷ്യസുരക്ഷാ സർക്കിളുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. കടകൾക്ക് പുറമെ കുപ്പിവെള്ളവും ജ്യൂസുകളും സൂര്യപ്രകാശമേൽക്കുന്ന തരത്തിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന വിതരണക്കാർക്കും നിർമ്മാതാക്കൾക്കുമെതിരെയും നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് ഉത്പാദന കേന്ദ്രങ്ങളിലെത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകും. ഓരോ ദിവസത്തെയും പരിശോധനയുടെ റിപ്പോർട്ടുകൾ തൊട്ടടുത്ത ദിവസം രാവിലെ 10 മണിക്ക് മുമ്പായി സമർപ്പിക്കണമെന്നും അസി. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നിർദ്ദേശത്തിൽ പറയുന്നു.
ജ്യൂസുകളും സുരക്ഷിതമാകണം
പഴകിയ പഴങ്ങളും വൃത്തിഹീനമായ വെള്ളവും ഉപയോഗിച്ച് ജ്യൂസ് നിർമ്മിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ജ്യൂസ് നിർമ്മിക്കുന്ന വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. സൂര്യപ്രകാശമേറ്റ് കുപ്പികളിലെത്തുന്ന ജ്യൂസുകൾക്ക് വൻതോതിൽ രാസമാറ്റം സംഭവിക്കുന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഇടപെടൽ.