പണവും മൊബൈലും കവർന്നു
ഇരവിപുരം: വഴിയാത്രക്കാരിയായ വയോധികയുടെ കൈയിലുണ്ടായിരുന്ന കവർ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയയാൾ പിടിച്ചുപറിച്ചു. വയോധിക ബഹളം വച്ചതോടെ കവറിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും അടങ്ങിയ പഴ്സ് കൈക്കലാക്കിയ ശേഷം കവർ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നു.
ഇന്നലെ വൈകിട്ട് ഏഴേകാലോടെ വാളത്തുംഗൽ ഗേൾസ് ഹൈസ്കൂളിന് സമീപത്തെ മൊബൈൽ ടവറിനടുത്ത് നിന്ന് ഇടശേരി കമ്പനിയിലേക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. വാളത്തുംഗൽ അമ്പുതെക്കതിൽ പരേതനായ അബ്ദുൽ മനാഫിന്റെ ഭാര്യ ജുമൈലത്തിന്റെ (64) പണവും മൊബൈൽ ഫോണുമാണ് അപഹരിക്കപ്പെട്ടത്. ഉറങ്ങാൻ വേണ്ടി മകളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ജുമൈലത്തിന്റെ പിന്നാലെ ബൈക്കിലെത്തിയയാൾ പെട്ടെന്ന് പിടിച്ചുപറിക്കുകയായിരുന്നു. വയോധികയുടെ ബഹളം കേട്ട് പ്രദേശവാസികൾ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു.
പെൻഷൻ ലഭിച്ച തുകയിൽ നിന്ന് മിച്ചം പിടിച്ച ആയിരം രൂപയും മൊബൈൽ ഫോണും കുറച്ചു പേപ്പറുകളുമാണ് പേഴ്സിൽ ഉണ്ടായിരുന്നതെന്ന് ജുമൈലത്ത് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ ഇരവിപുരം പൊലീസ് മോഷ്ടാവിനായി തെരച്ചിൽ ആരംഭിച്ചു.