കരുനാഗപ്പള്ളി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഭാരതീയ പ്രകൃതി കൃഷിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലാണ് തുടക്കം കുറിച്ചത്. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തെ ഒരു യൂണിറ്റാക്കി എടുത്ത് 5 വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് 1250 ഏക്കർ സ്ഥമാണ് കൃഷി വകുപ്പ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത സ്ഥലത്തെ 125 ഏക്കർ വീതം വരുന്ന 10 ക്ലസ്റ്ററുകളായി തിരിക്കും. കൃഷിയുടെ സൗകര്യത്തിനായി ക്ലസ്റ്ററുകളെ വീണ്ടും 20 ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പുകളായി തിരിച്ചാണ് കൃഷിക്ക് കളമൊരുക്കുന്നത്. രണ്ട് സെന്റിന് മുകളിൽ ഭൂമിയുള്ള എല്ലാ കുടുംബങ്ങളേയും പദ്ധതിയൽ ഉൾപ്പെടുത്തുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഉത്പ്പന്നങ്ങൾ കയറ്റി അയക്കും

മത്സ്യം, ക്ഷീരം , കര നെൽകൃഷി, ഇടവിള കൃഷി,എള്ള് കൃഷി തുടങ്ങിയവയെല്ലാം പദ്ധതിയുടെ പരിധിയിൽ വരും. പദ്ധതി നടപ്പാക്കുന്നതിന് വിവിധങ്ങളായ കമ്മിറ്റികൾ നിലവിൽ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. കൃഷിക്ക് ആവശ്യമായ ജെവ വളം പ്രത്യേക കമ്മിറ്റിയുടെ മേൽനോട്ടാത്തിലാണ് നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ജൈവ വളം മിതമായ വിലക്ക് ക്ലസ്റ്റർ ഗ്രൂപ്പുകൾക്ക് നൽകും. കാർഷിക ഉല്പന്നങ്ങളെ മൂല്യ വർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനായി കർഷകർ അടങ്ങുന്ന 10 മൈക്രോ ഗ്രൂപ്പുകളും നിലവിൽ വന്നു. ഇവർ ഉത്പ്പാദിപ്പിക്കുന മൂല്യ വർദ്ധിത ഉല്പന്നങ്ങൾക്ക് സർക്കാർ പി.ജി.എസ് സർട്ടിഫിക്കറ്റ് നൽകുന്നതോടെ ഉത്പ്പന്നങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്കും വിദേശത്തും കയറ്റി അയ്ക്കാനാകും.

ഓണത്തിന് ഒരു മുറം പച്ചക്കറി

സംസ്ഥാന സർക്കാരിന്റെ 100 ഇന പരിപാടിയിൽ ഉൾപ്പെടുത്തി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിനെയാണ് മാതൃകാ പഞ്ചായത്തായി കൃഷി വകുപ്പ് തിരഞ്ഞെടുത്തത്. ഓണത്തിന് ഒരു മുറം പച്ചക്കറിയിലൂടെയാണ് പുതിയ പദ്ധതി പ്രവർത്തനം ആരംഭിച്ചത്. ഓണം ആവശ്യങ്ങൾക്കായി കൃഷി ചെയ്ത വെണ്ട, വഴുതന, പാവൽ, പയർ, ഏത്തയ്ക്ക, ചീര, മത്തൻ, വെള്ളരിക്ക, പടവലം, തക്കാളി, പച്ചമുളക് തുടങ്ങി എല്ലാ പച്ചക്കറികളും വളർച്ചയുടെ വക്കിലാണ്. ഓണത്തിന് മുമ്പ് വിളവെടുക്കാൻ കഴിയുന്ന തരത്തിലാണ് കൃഷി ഇറക്കിയിരിക്കുന്നത്.

പദ്ധതി നടത്തിപ്പിന്

ജനകീയ കമ്മിറ്റി

പദ്ധതിയുടെ നടത്തിപ്പിനായി വിശാലമായ ജനകീയ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്.

സി.ആർ.മഹേഷ് എം.എൽ.എ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു രാമചന്ദ്രൻ, യു.ഉല്ലാസ്, മിനിമോൾ നിസാം, ശ്രീദേവി, സദാശിവൻ, മിനിമോൾ എന്നിവർ ഉപദേശക സമിതി അംഗങ്ങളായും 20 കാർഷിക പ്രതിനിധികൾ ഹൈപവ്വർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. . ഓച്ചിറ കൃഷി അസിസ്റ്റ് ഡയറക്ടർ വി.ആർ.ബിനേഷാണ് കൺവീനർ. കൂടാതെ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 7 കൃഷി ഓഫീസർമാരും 7 മൃഗഡോക്ടർമാരും ഫിഷറീസ് ഓഫീസറും ക്ഷീര വികസന ഓഫീസറും കമ്മിറ്റിയിൽ അംഗങ്ങളാണ്