കൊല്ലം: ദളവാപുരം വെട്ടുമണ്ണേൽ ഭാഗത്ത് അഷ്ടമുടിക്കായൽ കൈയേറിയത് ഒഴിപ്പിച്ചു. ഇന്നലെ രാവിലെ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. കായലിന്റെ തീരത്ത് താമസിക്കുന്ന കുടുംബമാണ് 75 സെന്റോളം കായൽ പ്രദേശം കൈയേറിയത്. റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് പച്ച നെയ്ത്ത് ഷീറ്റ് വിരിച്ച് മറച്ച ശേഷം ഉൾഭാഗത്ത് തെങ്ങിൻകുറ്റികളും കാറ്റാടിക്കഴകളും ഉപയോഗിച്ചായിരുന്നു കൈയേറ്റം.
രഹസ്യവിവരത്തെ തുടർന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ ജോയി ജനാർദ്ദനൻ, അസി. എൻജിനിയർ എം.ജി. ജിജികുമാരി, ഓവർസിയർ സി.എസ്. ദീപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഒഴിപ്പിച്ചത്. സമാനമായ കായൽ കൈയേറ്റങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് അസി. എക്യുട്ടീവ് എൻജിനിയർ അറിയിച്ചു.