കൊല്ലം: ആഗസ്‌റ്റ് പകുതിയോടെ കൊവിഡിന്റെ മൂന്നാംതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾ തയ്യാറാക്കി കൊല്ലം ജില്ലാ മെഡിക്കൽ ടീം.
രോഗസ്ഥിരീകരണ നിരക്ക് (ടി.പിൽആർ) അഞ്ച് ശതമാനത്തിൽ താഴെയാകുകയും കൃത്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്താൽ മൂന്നാതരംഗം അതിജിവീക്കാമെന്നാണ് പ്രതീക്ഷ. അതേസമയം, കുട്ടികൾക്ക് വാക്‌സിൻ കുത്തിവയ്‌പ് നടന്നിട്ടില്ലാത്തതിനാൽ രോഗബാധയ്‌ക്ക് കൂടുതൽ സാദ്ധ്യതയുണ്ടെന്നത് ആശങ്കപ്പെടുത്തുന്നു. മുൻകരുതലെന്ന നിലയ്ക്ക് കുട്ടികൾക്ക് കൂടുതൽ ഐ.സി.യു സംവിധാനവും വെന്റിലേറ്ററുകളും ക്വാറന്റൈൻ കേന്ദ്രങ്ങളും തുറക്കും.
ഗവ. വിക്ടോറിയ ആശുപത്രിയിൽ 65 ഓക്സിജൻ കിടക്കയും 10 ഐ.സി.യുവും കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 ഐ.സി യൂണിറ്റും 30 ഐ.സി.യു കിടക്കയും ഒരുക്കും. പുനലൂർ ഗവ. ആശുപത്രിയിൽ 25 ഓക്സിജൻ കിടക്കയും നാല് എൻ.ഐ.സിയുവും ക്രമീകരിക്കും. 15 വീതം ഐ.സി.യു കിടക്കകൾ കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിലും 15 കിടക്കകൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിലും ഏർപ്പെടുത്തും. മുതിർന്നവരിൽ രോഗം കുറഞ്ഞാൽ ആ കിടക്കകളും ഐ.സി.യു യൂണിറ്റുകളും കുട്ടികൾക്കായി മാറ്റിവയ്ക്കും. മുൻകരുതലിന്റെ ഭാഗമായി മെഡിക്കൽകോളേജ് അടക്കമുള്ള സ്വകാര്യ ആശുപത്രി മേധാവികളുടെ യോഗം കളക്ടർ വിളിച്ചുചേർത്തിരുന്നു. സ്വകാര്യമേഖലയിൽ കുട്ടികൾക്കായി 300 ഐ.സി.യു കിടക്ക ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ കുട്ടികൾക്കായി നാല് റിവേഴ്സ് ക്വാറന്റൈൻ കേന്ദ്രവും തുറക്കും.
ശിശുരോഗവിദഗ്ദ്ധർ, അസിസ്‌റ്റന്റ് സർജന്മാർ, നഴ്സുമാർ എന്നിവർക്ക് വെന്റിലേറ്റർ, ഐ.സി.യു മാനേജ്മെന്റ് സംബന്ധിച്ച് പരിശീലനം നൽകും. രണ്ടാം തരംഗത്തിൽ ജില്ലയിലെ രോഗബാധിതരിൽ 13.5 ശതമാനം പേർ 18 വയസ്സിൽ താഴെയുള്ളവരായിരുന്നു. 25 മുതൽ 35 വരെ കുട്ടികൾക്ക് ഒരേ സമയം ഐ.സി.യു സൗകര്യവും ഏർപ്പെടുത്തേണ്ടി വന്നിരുന്നു.
സിക്കയെയും തുരത്തും
സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. സിക ബാധ ചെറുക്കാൻ വാക്‌സിനേഷനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാൽ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗപ്രതിരോധം ആർജ്ജിക്കലും പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കലുമാണ് പ്രധാനം. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പോലെ ഈഡിസ് കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് സിക്ക. രാവിലെയും വൈകിട്ടുമാണ് സാധാരണ ഇത്തരം കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. രോഗബാധിതരായ വ്യക്തികളിൽനിന്ന് രക്തം സ്വീകരിക്കുമ്പോഴോ ലൈംഗിക ബന്ധത്തിലൂടെയോ പകരാനും സാദ്ധ്യതയുണ്ട്.
ലക്ഷണങ്ങൾ
പനി, തലവേദന, ശരീരവേദന, സന്ധിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണ് ചുവക്കൽ, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ, 80 ശതമാനം രോഗികളിലും ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. രോഗം ബാധിച്ച ഗർഭിണികൾക്ക് പിറക്കുന്ന നവജാത ശിശുക്കളുടെ തല ചെറുതായിപ്പോകാൻ (മൈക്രോസെഫാലി) സാദ്ധ്യതയുണ്ട്. വളർച്ചയെത്താതെയുള്ള പ്രസവം, ഗർഭച്ഛിദ്രം എന്നിവയ്ക്കുo സാദ്ധ്യത. സിക വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആന്റിവൈറസ് മരുന്നുകളോ ഇതിനെതിരെയുള്ള വാക്‌സിനുകളോ നിലവിൽ വികസിപ്പിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്ക് അനുസൃതമായ ചികിത്സയാണ് നൽകുന്നത്.