facebook

പത്തനാപുരം: യുവാവിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പ്രചാരണം നടത്തിയെന്ന പരാതിയിൽ ഏഴ് പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കൊട്ടാരക്കര പട്ടികജാതി കോടതിയുടെ ഉത്തരവ്. താന്നിവിളവീട്ടിൽ ജെ. മുഹമ്മദ് ഇല്ല്യാസ് (32), പുത്തൻപറമ്പിൽ ഫൈസൽ (23), താന്നിവിള വടക്കേതിൽ ഷംനാദ് (31), മൂജീബ് മൻസിലിൽ മുജീബ് (25),നിഷാ മൻസിലിൽ നജീബ് ഖാൻ (35), വേങ്ങവിളവീട്ടിൽ മുജീബ് റഹ്മാൻ (38), താന്നിവിള വീട്ടിൽ അബ്ദുൾ ബാസിദ് (29) എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.

വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കൽ, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് കോടതി ചുമത്തിയിരിക്കുന്നത്. പത്തനാപുരം കുണ്ടയം മലങ്കാവ് സ്വദേശി അനീഷിന്റെ പരാതിയിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് പുനലൂർ ഡിവൈ.എസ്.പി അനിൽദാസിനെ ചുമതലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ് എന്ന യുവാവിന്റെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് മുസ്ലിം സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന രീതിയിൽ കമന്റുകൾ പോസ്റ്റ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അനീഷിനെ ബോധപൂർവം ആക്രമിക്കാൻ ശ്രമിച്ചതായും എഫ്‌.ഐ.ആറിൽ പറയുന്നു.

വിദ്വേഷ പരാമർശം അനീഷാണ് പോസ്റ്റ് ചെയ്തതെന്ന് കരുതി നിരവധിയാളുകൾ അനീഷിനെ ആക്രമിക്കാനെത്തിയിരുന്നു. സംഭവത്തിൽ പത്തനാപുരം പൊലീസും അന്വേഷണം നടത്തിവരുകയാണ്. അനീഷിന്റെ ഫോണും ഒന്നാം പ്രതിയുടെ മൊബൈൽ ഫോണും തിരുവനന്തപുരം ഫോറൻസിക് കേന്ദ്രത്തിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.