പുനലൂർ: 1.5ലക്ഷം രൂപ രൂപ വിലമതിക്കുന്ന ആയിരത്തോളം വളർത്ത് മത്സ്യങ്ങളെ മോഷ്ടിച്ചു. എസ്.എൻ.ഡി.പിയോഗം 480-ാംനമ്പർ ഇടമൺ പടിഞ്ഞ്ശാഖ സെക്രട്ടറി, ഇടമൺ തോവർകുന്ന് സിന്ധുഭവനിൽ എസ്.ഉദയകുമാറിന്റെ വിളവ് എടുക്കാൻ പാകമായ വളർത്ത് മത്സ്യങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ രാവിലെ കുളത്തിന് ചുറ്റും കെട്ടിയിരുന്ന വേലി ഇളകി കിടക്കുന്നത് കണ്ട് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യഫെഡിൽ നിന്ന് ലഭിച്ച , അടുത്ത മാസം വിളവ് എടുക്കാൻ പ്രായമായ മത്സ്യങ്ങളെയാണ് മോഷ്ടാക്കൾ കവർന്നത്. ഒരു കിലോ വളർത്ത് മത്സ്യത്തിന് 250മുതൽ 300രൂപ വരെ വിലയുണ്ട്. തെന്മല പെലീസിന് പരാതി നൽകിയതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.