പുത്തൂർ: തോടിന്റെ വരമ്പ് തകർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറുന്നു. പവിത്രേശ്വരം പഞ്ചായത്തിലെ വള്ളാൻ തുണ്ടിൽ - പുലക്കാവ് ഏലയിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. വെട്ടിക്കുഴി പാലത്തിന് താഴെഭാഗത്തായിട്ടാണ് തോടിന്റെ വരമ്പ് തകർന്നത്. സാധാരണയിൽ കൂടുതൽ വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തുന്നതിനാലാണ് കൃഷി പൂർണമായും നശിക്കുന്നത്. കടംവാങ്ങിയും മറ്റും കൃഷിയിറക്കുന്നവർക്ക് കൃഷിനഷ്ടം സംഭവിച്ചിട്ടും അധികൃതർ പരിഹാര സംവിധാനങ്ങളുമായെത്തുന്നില്ല. വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്.
സംരക്ഷണ ഭിത്തി കെട്ടണം
നിരന്തര പരാതികളെ തുടർന്ന് സംരക്ഷണ ഭിത്തികെട്ടാൻ നാല് വർഷം മുൻപ് തുക അനുവദിച്ചിരുന്നു. എന്നാൽ കരാറുകാരൻ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് പിൻവാങ്ങി. ശാശ്വത പരിഹാരമുണ്ടാക്കാതെ കൃഷി ചെയ്തിട്ട് കാര്യമില്ലെന്ന് കർഷകർ പറയുന്നു. ഓരോ മഴക്കാലത്തും വള്ളാൻ തുണ്ടിൽ - പുലക്കാവ് ഏലയിലെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് പ്രതിസന്ധികളിലും വിത്തെറിയുന്നത്. പക്ഷെ, വിളവെടുക്കാറാകുമ്പോഴേക്കും തോട്ടിലെ വെള്ളം കുത്തൊഴുക്കായെത്തി അവയെല്ലാം നശിപ്പിക്കും.
തോടിന്റെ വരമ്പ് പൊട്ടി വെള്ളം കയറുന്നതുമൂലം വളളാൻ തുണ്ടിൽ - പുലക്കാവ് ഏലയിലെ കർഷകർ തീർത്തും ദുരിതത്തിലാണ്. അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം. കൃഷിക്കാരെ ദുരിതത്തിലാക്കി എന്ത് വികസനം എത്തിച്ചാലെന്താ പ്രയോജനം.
ഇനിയും തുടരാനാകില്ല: സുദേവൻ കാരിയ്ക്കൽ, കർഷകൻ