കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്തിലെ പിൻവാതിൽ നിയമനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോട്ടാത്തല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി മലയിലഴികം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. നിലവിൽ മൂന്ന് ഡ്രൈവർമാർ, ആറ് അക്രഡിറ്റഡ്

എൻജിനീയർമാർ, ഡേറ്റ എൻട്രി ഓപ്പറേറ്റേഴ്സ് , സ്ളീപ്പർ എന്നീ തസ്തികകളിലേക്കാണ് ദിവസ വേതനാടിസ്ഥാനത്തിൽ പിൻവാതിൽ നിയമനം നടത്തിയിരിക്കുന്നത്. ഒരു താത്ക്കാലിക ജീവനക്കാരനെയോ ദിവസവേതനക്കാരനെയോ സർക്കാർ ഓഫീസുകളിൽ നിയമിക്കുമ്പോൾ പാലിക്കേണ്ട യാതൊരു നടപടികളും പാലിച്ചിട്ടില്ല എന്നു മാത്രമല്ല പഞ്ചായത്തിൽ യോഗ്യതയുള്ള ധാരാളം ഉദ്യോഗാർത്ഥികൾ ഉള്ളപ്പോൾ പഞ്ചായത്തിന് പുറത്തുനിന്നുള്ളവരെയാണ് നിയമിച്ചിരിക്കുന്നത്. വ്യവസ്ഥകൾ പാലിക്കാതെയുള്ള മുഴുവൻ താത്ക്കാലിക നിയമനങ്ങളും പിരിച്ചു വിടാൻ നപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് റോയി മലയിലഴികത്തിന്റെ നേതൃത്വത്തിൽ എത്തിയ നിവേദക സംഘത്തിൽ മൈലം ഗണേശൻ, താമരക്കുടി പ്രദീപ്, രാധാകൃഷ്ണപിള്ള, അനീഷ്, സുനിൽകുമാർ, രാജേന്ദ്രൻ, യശോദരൻ എന്നിവർ പങ്കെടുത്തു.