പുനലൂർ: റബർ ഷീറ്ര് മോഷ്ടിക്കാൻ ശ്രമിച്ച രണ്ട്പേർ പൊലീസ് പിടിയിലായി. ഇടമൺ ഉദയഗിരി നാല് സെന്റ് കോളനിയിലെ താമസക്കാരായ ഷിബു, ഷെയ്ക്ക് മൈതീൻ എന്നിവരെയാണ് തെന്മല എസ്.ഐ ഡി.ജെ.ശ്യാലുവിന്റെ നേതൃത്വത്തിലുളള പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇടമൺ 34 രമണീ ഗ്ലാസ് ഹൗസ് ഉടമയായ ആനപെട്ടകോങ്കൽ 17-ാംബ്ളോക്ക് സ്വദേശി രാജീവിന്റെ വീടിനോട് ചേർന്ന ഷെഡിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിക്കുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി ഷിബുവിനെ ചോദ്യം ചെയ്യുന്നതിനിടെ സുഹൃത്ത് കുറെ ഷീറ്റുമായി സ്ഥലം വിട്ടു. തുടന്ന് നാട്ടുകാർ തെന്മല പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മോഷ്ടാവിനെ കസ്റ്റഡിയിൽ എടുക്കുകുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് സന്ധ്യയോടെ ഉറുകുന്നിൽ നിന്ന് ഷീറ്റുമായി ഷെയ്ക്ക് മൈതിനെയും കസ്റ്റഡിയിൽ എടുത്തു. അഞ്ച് വീടുകളിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. ഇന്ന് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കുമെന്നും എസ്.ഐ.അറിയിച്ചു.