ശാസ്താംകോട്ട : പത്താം ക്ലാസ് പരീക്ഷ എഴുതിയ നേപ്പാൾ കാഞ്ചൻപൂർ സ്വദേശിയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. മൈനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഗൂർഖ തൊഴിൽ ചെയ്യുന്ന ലാൽ ബഹദൂർ ബിസ്റ്റയുടെയും മനുദേവി ബിസ്റ്റയുടെയും മകളായ കടപ്പ ഗവ.എൽ. വി ഹൈസ്കൂളിലെ വിദ്യാർത്ഥിനി നിർമ്മല ബിസ്റ്റായാണ് (15 ) ഉന്നത വിജയം നേടിയത്. 9 വയസിൽ കേരളത്തിലെത്തിയ നിർമ്മല എട്ടാം ക്ലാസുവരെ ചാത്തന്നൂരിലായിരുന്നു പഠിച്ചിരുന്നത്. പ്ലസ്‌ടു വിദ്യാർത്ഥിയായ സഹോദരൻ സുനിൽ ബിസ്‌റ്റക്കും പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി സംജന ബിസ്‌റ്റ സഹോദരിയാണ്. നാടിനു അഭിമാനമായ നിർമല ബിസ്റ്റയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫിയുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ അനുമോദിച്ചു.