കൊട്ടാരക്കര: പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമിയിലും നിന്നിരുന്ന മരങ്ങൾ മുറിച്ചുകടത്തിയെന്ന വിഷയത്തിൽ ആരോപണ വിധേയനായ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ, ജനറൽ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, അനീഷ് കിഴക്കേക്കര, രാജീവ് കേളമത്ത് എന്നിവർ നേതൃത്വം നൽകി. നഗരസഭ ഓഫീസിന് സമീപംവച്ച് മാർച്ച് പൊലീസ് തടഞ്ഞു. ചെയർമാൻ രാജിവയ്ക്കും വരെ തുടർ സമരങ്ങൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.