കൊട്ടാരക്കര : മൈലം ഗ്രാമപഞ്ചായത്തിന്റെ ഡ്രൈവറെ പിരിച്ചുവിട്ട സംഭവത്തിൽ സി.പി.എം നേതൃത്വം ഇടപെടുന്നു. ഇന്ന് മൈലം,​ കോട്ടാത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഏരിയ കമ്മിറ്റിയിലെ നേതാക്കളും പഞ്ചായത്ത് പ്രസിഡന്റും പ്രത്യേക യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. സി.പി.എം മുൻകൈയെടുത്ത് നിയമിച്ച ഡ്രൈവറെയാണ് സി.പി.എം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ബി.ജെ.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ പ്രസിഡന്റിന്റെ തീരുമാനം പഞ്ചായത്ത് കമ്മിറ്റിയിലും പാസാക്കിയാണ് ഡ്രൈവറെ നീക്കം ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് സി.പി.എം പ്രതിനിധിയായ പതിനാറാം വാർഡ് അംഗം ജി.സുരേഷ് കുമാർ രാജിസന്നദ്ധത അറിയിച്ച് ഏരിയ കമ്മിറ്റി സെക്രട്ടറിയ്ക്ക് കത്ത് നൽകിയതോടെയാണ് നേതൃത്വം ഉണർന്നത്. സുരേഷ് കുമാർ രാജിവച്ചാൽ പഞ്ചായത്ത് ഭരണം ഇടത് മുന്നണിയ്ക്ക് നഷ്ടപ്പെട്ടേക്കാം. ഇന്ന് നേതൃയോഗം ചേർന്ന് ഡ്രൈവർ വിഷയത്തിലും മറ്റും തീരുമാനമെടുക്കും. അതേ സമയം പിരിച്ചുവിട്ട ഡ്രൈവർ ബിനോയിയും കുടുംബവും ഇന്നലെയും പഞ്ചായത്ത് ഓഫീസിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി.