കൊല്ലം: തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുന്നിൽ 19ന് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് 3 മുതൽ 3.30 വരെയാണ് പ്രതിഷേധം. പ്രതിരോധ വകുപ്പിന് കീഴിയിലുള്ള 44 ഓർഡനൻസ് ഫാക്ടറികൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ജൂലായ് 26 മുതൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. തുടർന്നാണ് പണിമുടക്ക് നിരോധിച്ച് കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയത്. എല്ലാ വിഭാഗം തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുക്കണമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസിധരകുറുപ്പ്, സെക്രട്ടറി എസ്. ജയമോഹൻ എന്നിവർ ആവശ്യപ്പെട്ടു.