കൊല്ലം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണശ്രമങ്ങളും ചിന്നക്കടയിലെ മൊബൈൽ കടയിൽ മോഷണവും നടത്തിയ സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിലായി. ആലപ്പുഴ രാമങ്കരി സ്വദേശിയായ ടിന്റോയാണ് (19) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കേസിൽ മയ്യനാട് പടനിലം കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ശരത് (24) എറണാകുളത്ത് നിന്ന് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരിയിൽ നടത്തിയ തെരച്ചിലിലാണ് ടിന്റോ പിടയിലായത്.
കഴിഞ്ഞ നാലിനായിരുന്നു മൊബൈൽ കടകൾ കേന്ദ്രീകരിച്ച് മൂന്നംഗ സംഘത്തിന്റെ മോഷണ പരമ്പര അരങ്ങേറിയത്. സംഘത്തിലെ മൂന്നാമനായുള്ള അന്വേഷണം തുടരുകയാണ്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ദിൽജിത്ത്, ജയലാൽ, സി.പി.ഒമാരായ സുനിൽ, അനിൽ, പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.