കൊല്ലം: മരച്ചീനിക്ക് വരാനിരിക്കുന്നത് നല്ലകാലം. വ്യവസായ വകുപ്പിന്റെ 'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതിയിൽ കൊല്ലത്ത് നിന്ന് ഇടംപിടിച്ച കാർഷിക ഉത്പന്നമാണ് മരച്ചീനി. മരച്ചീനിയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനാണ് സർക്കാരിന്റെ ഇടപെടൽ. ഇതിനായി വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കും. സംരംഭകർക്ക് പദ്ധതി ചെലവിന്റെ 35 ശതമാനംവരെ സാമ്പത്തിക സഹായവും വായ്‌പാ സൗകര്യങ്ങളും ലഭിക്കും. ഒരു യൂണിറ്റിന് പത്ത് ലക്ഷം രൂപവരെ സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ജില്ലയുടെ വിവിധ ഇടങ്ങളിലായി മരച്ചീനിയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്ന കൂടുതൽ യൂണിറ്റുകൾ ഉണ്ടാകും. ഉത്പന്നങ്ങൾക്ക് കേരളത്തിനകത്തും പുറത്തുമായി വിപണി കണ്ടെത്തുന്നതോടെയാണ് ഇതിന്റെ ഗുണം ലഭിക്കുക. മരച്ചീനി ഉത്പാദനത്തിൽ മുന്നിലാണ് കൊല്ലം ജില്ല, അതുകൊണ്ടുതന്നെ കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും. ന്യായവില ലഭിക്കുന്നതോടെ കൂടുതൽ കർഷകർ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ. മറ്റ് കൃഷികളെല്ലാം മാറ്റി മരച്ചീനിക്കമ്പ് നട്ടവർ വിളവെടുപ്പിനൊരുങ്ങുമ്പോൾ വില കുത്തനെ ഇടിയുന്ന സ്ഥിതി പല സീസണിലും ഉണ്ടാകാറുണ്ട്. വാങ്ങാൻ ആളില്ലാതെ കൃഷിയിടങ്ങളിൽത്തന്നെ മരച്ചീനി വിളഞ്ഞ് നശിച്ചുപോകുന്ന സ്ഥിതിയും പലപ്പോഴും ഉണ്ടാകുന്നു. ഇതിനെല്ലാം പ്രതിവിധി ഉണ്ടാക്കുംവിധമാണ് മൂല്യവർദ്ധിത ഉത്പന്ന യൂണിറ്റുകളുടെ വരവ് പ്രതീക്ഷിക്കുന്നത്.
6000 ടൺ വിളവ്
നിലവിൽ 400 ഹെക്ടർ ഭൂമിയിൽ ജില്ലയിൽ മരച്ചീനി കൃഷി ചെയ്യുന്നുണ്ട്. തൊഴിലാളി ക്ഷാമം നേരിട്ടപ്പോൾ പല കർഷകരും നെൽകൃഷി ഉപേക്ഷിച്ച് വയലിൽ പണ കോരി മരച്ചീനി നട്ടിരുന്നു. സുഭിക്ഷ കേരളം പദ്ധതി വഴിയും പഞ്ചായത്തുകളുടെ സഹായത്തോടെയും കൂടുതൽപേർ ഇക്കുറി മരച്ചീനി നട്ടിട്ടുണ്ട്. ഇതിൽ നിന്നെല്ലാമായി ആറായിരം ടൺ വിളവ് ഇക്കുറി പ്രതീക്ഷിക്കുന്നു. 12 രൂപ അടിസ്ഥാന വില നിശ്ചയിച്ചുവെങ്കിലും കർഷകന് ഇത് ലഭിക്കാറില്ല. എന്നാൽ വ്യവസായ യൂണിറ്റുകൾ വരുന്നതോടെ വിലയിൽ കയറ്റം ഉണ്ടാകാം. ഓരോ യൂണിറ്റിലും നിരവധി തൊഴിൽ സാദ്ധ്യതകളുമുണ്ട്. വ്യക്തികൾക്കും സ്വാശ്രയ ഗ്രൂപ്പുകൾക്കും സഹകരണ സൊസൈറ്റികൾക്കും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ സഹായം ലഭിക്കും. മരച്ചീനി ഉൾപ്പടെയുള്ള കിഴങ്ങു വർഗങ്ങളിൽ നിന്നും പുതു വ്യവസാസങ്ങൾ ആരംഭിക്കുന്നതിന് പുറമെ മൂന്നു വർഷമായി ഭക്ഷ്യോത്പന്ന വ്യവസായങ്ങളിൽ ഏർപ്പെട്ടുവരുന്നവർക്കും സർക്കാർ സഹായം ലഭിക്കും. വ്യവസായ വകുപ്പിന്റെ കെബിപ്പ് (കേരള ബൂറോ ഓഫ് ഇന്ത്യൻ പ്രൊമോഷൻ) ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർ അതാത് ബ്ളോക്ക്, മുൻസിപ്പൽ തല വ്യവസായ വകുപ്പ് ഓഫീസർമാരുമായി ബന്ധപ്പെടണം.
മരിച്ചീനിയിൽ നിന്ന് സ്‌പിരിറ്റും
മരച്ചീനിയിൽ നിന്നും സ്‌പിരിറ്റ് നിർമ്മിക്കാനുള്ള വൻകിട പദ്ധതികൾ സർക്കാർ തലത്തിൽ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന ബഡ്‌ജറ്റിൽ ഇത് സംബന്ധിച്ച സൂചനകൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയിരുന്നു. മരച്ചീനിയിൽ നിന്നും സ്‌പിരിറ്റ് നിർമ്മിക്കുന്നത് ആദ്യഘട്ടത്തിൽ ലാഭകരമാവുകയില്ലെന്നാണ് വിധഗ്ദ്ധരിൽ നിന്നും ലഭിച്ച ഉപദേശം. എന്നാൽ അനുബന്ധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടി ആകുന്നതോടെ ലാഭകരമായ അവസ്ഥയിലേക്ക് മാറും.