photo

 പഞ്ചായത്തിൽ കൃഷിക്ക് അനുയോജ്യമായ 3000 ഏക്കർ

 പദ്ധതിക്കായി കൃഷി വകുപ്പ് ഏറ്റെടുത്തത് 50 ഏക്കർ

കരുനാഗപ്പള്ളി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കരുനാഗപ്പള്ളി മണ്ഡലത്തിൽ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ആലപ്പാട്ട് പഞ്ചായത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആക്ഷേപം. കൃഷിക്ക് അനുയോജ്യമായ ആയിരക്കണക്കിന് ഏക്കർ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും പദ്ധതിക്കായി 50 ഏക്കർ സ്ഥലം മാത്രമാണ് പഞ്ചായത്തിൽ കൃഷി വകുപ്പ് ഏറ്റെടുത്തത്.

വെള്ളനാതുരുത്ത് മുതൽ അഴീക്കൽ വരെ 17 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ആലപ്പാട്ട് 3,000 ഏക്കറോളം സ്ഥലം കൃഷിക്ക് ഉപയുക്തമാണെന്ന് പഞ്ചായത്തിലെ മുതിർന്ന കർഷകർ പറയുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം 4,500 കുടുംബങ്ങൾ പഞ്ചായത്തിൽ താമസിക്കുന്നുണ്ട്. വീട്ടുവളപ്പുകളിൽ കൃഷി ചെയ്താൽ പോലും പഞ്ചായത്തിലേക്ക് ആവശ്യമായ പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കും.

മുൻ വർഷങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ പച്ചക്കറി കൃഷി നടത്തി വിപ്ളവം സൃഷ്ടിച്ച അനുഭവമാണ് ആലപ്പാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ പഞ്ചായത്തിലുടനീളം എള്ളും കരനെല്ലും ഉൾപ്പെടെ കൃഷിയിറക്കി വിളവെടുത്തിട്ടുണ്ട്. കാർഷിക മേഖലയിൽ വൻതോതിൽ മാറ്റം സൃഷ്ടിക്കാവുന്ന പദ്ധതിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

കരുത്തായി കരിമണൽ, പൊന്നുവിളയുന്ന മണ്ണ്

ഫലഭൂയിഷ്ടമായ കരിമണൽ കൊണ്ട് സമ്പന്നമാണ് ആലപ്പാട് പ്രദേശം. കരിമണലിന് ജലാംശത്തെ കൂടുതൽ നാൾ സംഭരിച്ച് വയ്ക്കാനുള്ള കഴിവുമുണ്ട്. ഇക്കാരണത്താൽ എല്ലാത്തരം കൃഷിക്കും അനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. പഞ്ചായത്തിലെ പ്രധാന റോഡിന് കിഴക്കുവശം പൂർണമായും കൃഷിയോഗ്യമാണ്. ടി.എസ് കനാലും ഉൾപ്രദേശങ്ങളിൽ ധാരാളം ജലാശയങ്ങളും ഉള്ളതിനാൽ ആവശ്യമായ വെള്ളവും ലഭിക്കും.