dalavapuram
ദളവാപുരം പാലത്തിന് സമീപം രൂപപ്പെട്ട മണൽതിട്ട

 രൂപപ്പെട്ടത് ചെറു ദ്വീപുകൾ

കൊല്ലം: ആഴത്തിൽ ഒന്നാം സ്ഥാനവും തണ്ണീർത്തടങ്ങളിൽ മുഖ്യസ്ഥാനമുള്ള അഷ്ടമുടി കായലിനെ മണൽപുറ്റുകളും തിട്ടകളും വിഴുങ്ങുന്നു. കൈയേറ്റവും മാലിന്യവും അശാസ്ത്രീയമായ ഡ്രഡ്‌ജിംഗുമൊക്കെയാണ് കായൽ സർവനാശത്തിലേയ്ക്ക് ഒഴുകാൻ കാരണം.

പള്ളിക്കോടി പാലം മുതൽ തെക്ക് ​- കിഴക്ക് സാമ്പ്രാണിക്കോടി, പ്രാക്കുളം, കുരീപ്പുഴ, മുക്കാട് വരെയും പടിഞ്ഞാറ് നീണ്ടകര പാലം വരെയുമാണ് നൂറുകണക്കിന് ചെറു ദ്വീപുകൾ രൂപപ്പെട്ടത്. 2002ലെ റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിലാണെങ്കിലും അഷ്ടമുടി കഷ്ടിച്ചാണ് ഒഴുകുന്നത്.

തെളിനീരൊഴുകേണ്ട തടാകത്തെ മലിനമാക്കാൻ മത്സരിക്കുകയാണ് മനുഷ്യർ. ഇതോടെ അഷ്ടമുടിയിൽ മാത്രം കണ്ടുവരുന്ന മത്സ്യങ്ങളും അപ്രത്യക്ഷമായിത്തുടങ്ങി. കക്കയും ജൈവ സമ്പത്തുമൊക്കെ കായലിനെ കൈവിടുകയാണ്. തെന്മലയിൽ അണക്കെട്ട് ഉയർന്നതോടെ കല്ലടയാറിലൂടെയുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് കുറഞ്ഞതും ആഘാതം വർദ്ധിപ്പിച്ചു.

ആഴക്കുറവ് വില്ലൻ

പ്രളയത്തിൽ ചെളിയും മണ്ണും മാലിന്യങ്ങവും ഒഴുകിയെത്തിയതും കായൽ നികരാൻ ഇടയാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ഡ്രഡ്ജിംഗ് ശാസ്ത്രീയമായി നടത്താൻ മെനക്കെട്ടില്ല. 2007ൽ നിർമ്മാണം പൂർത്തിയാക്കിയ പള്ളിക്കോടി - ദളവാപുരം പാലത്തിന്റെ അടിത്തട്ടും കായലിനെ കൊല്ലുന്ന മറ്റൊരു വില്ലനാണ്. നിർമ്മാണ സമയത്ത് കായലിന് കുറുകെ കെട്ടിയ ബണ്ടും തകർന്നുവീണ മൂന്ന് ബീമുകളും നീക്കം ചെയ്യാത്തത് ഒഴുക്ക് തടസപ്പെടുത്തുന്നുണ്ട്. ഇതോടെ ശക്തമായ വേലിയേറ്റവും വേലിയിറക്കവും ദുർബലമായി. കായൽ ശുദ്ധീകരണവും നടക്കാതായി.

നേരിടുന്ന പ്രശ്നങ്ങൾ

1. കായൽ വിസ്തൃതിയും ആഴവും കുറഞ്ഞപ്പോൾ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്കും തുരുത്തുകളിലേക്കും തള്ളിക്കയറി

2. കൈത്തൊടുകളും നദികളും ഇല്ലാതായത് ഒഴുക്ക് തടസപ്പെടുത്തി

3. മഴക്കാലത്ത് തോടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് കായൽ ശുദ്ധീകരണം നടത്തിയിരുന്നത്

4.ശുദ്ധീകരണ പ്രക്രിയ തടസപ്പെട്ടതോടെ കായലിൽ ചെളി നിറഞ്ഞു

5. ദേശീയ ജലപാതയിൽ ഉൾപ്പെടെ ചെറുതുരുത്തുകൾ രൂപപ്പെട്ടു

6. 50 വർഷം മുമ്പ് ഉണ്ടായിരുന്ന പാരമ്പരാഗത രീതിയിലാണ് ഇപ്പോഴും ഡ്രഡ്‌ജിംഗ്

7. കായൽ കരയും തുരുത്തുകളും ചെളി നിറഞ്ഞ് വിസ്തൃതമായി

9. കൈയേറ്റത്തിനെതിരെ നടപടിയെടുക്കേണ്ടവർ കാഴ്ചക്കാരായി

മീനുകൾ ഇല്ലാതായി,​

പറവകൾ പറന്നകന്നു

രുചിക്ക് പേരുകേട്ട കരിമീന് പുറമേ കൂഴാലി, കണമ്പ്, പ്രാച്ചി, കക്ക, പൂല, ചൂട, താട, കൂരി, മുരിങ്ങ തുടങ്ങിയവ ഓരോന്നായി ഇല്ലാതാവുകയാണ്. കാൽ നൂറ്റാണ്ടിനിടെ പത്തിനം മത്സ്യങ്ങൾ പൂർണമായും അപ്രത്യക്ഷമായി. ചെമ്മീനും കുറഞ്ഞു. കണ്ടൽ കാടുകളിൽ 80 ശതമാനത്തിലേറെയും ഇല്ലാതായതോടെ ദേശാടനപക്ഷികളുടെ വരവും കുറഞ്ഞു.

കായൽ വിസ്തൃതി

യഥാർത്ഥത്തിൽ: 62 ചതുരശ്ര കിലോമീറ്റർ

1970ൽ: 54

90കളിൽ: 42

രണ്ടായിരത്തിൽ: 35

ഇപ്പോൾ: 30ൽ താഴെ

ശരാശരി ആഴം: 6.5 മീറ്റർ

''

കൈയേറ്റങ്ങൾ ഒഴിപ്പിക്കണം. മണൽപുറ്റുകളും തിട്ടകളും നീക്കി സ്വാഭാവിക ഒഴുക്ക് തിരികെക്കൊണ്ടുവരണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.

ഫെലിക്സ് സ്റ്റാൻലി

പരിസ്ഥിതി പ്രവർത്തകൻ