കരുനാഗപ്പള്ളി: പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തോടൊപ്പം കരുനാഗപ്പള്ളി ഫയർ സ്റ്റേഷന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. പുതിയ ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണ നടപടികൾ വിലയിരുത്താൻ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു എം.എൽ.എയുടെ പ്രതികരണം.
3.74 കോടി രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചത്. നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. സ്ഥലം കൈമാറുന്ന നടപടികൾ ഉടൻ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ റീന, അസി. എൻജിനീയർ ദീപ എന്നിവർ യോഗത്തിൽ അറിയിച്ചു. പുതിയ നടപടി പ്രകാരം ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രികൾ പരിശോധന നടത്തുകയും അവയുടെ അനുപാതം തീരുമാനിക്കേണ്ടതുമുണ്ട്. 40 ദിവസത്തെ കാലതാമസമാണ് ഇതിന് വേണ്ടിവരുന്നത്.
ഫയർ സ്റ്റേഷൻ നേരിടുന്ന പ്രധാന പ്രശ്നമായ ജലദൗർലഭ്യം പരിഹരിക്കാൻ ബോർവെൽ സ്ഥാപിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ഇതിനായി ഭൂഗർഭജല വകുപ്പിന്റെ അനുമതി നേടുന്നതിന് ഫയർ സ്റ്റേഷൻ ഓഫീസറെ ചുമതലപ്പെടുത്തി. സ്റ്റേഷനിൽ ഗ്യാസ് ഡിറ്റക്ടർ സംവിധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ഉടനെ ആരംഭിക്കാനും തീരുമാനമായി.