കൊല്ലം: ജില്ലയിൽ കടൽക്ഷോഭം ഏറ്റവും രൂക്ഷമായ ഇരവിപുരം തീരമേഖലയിലുൾപ്പെടുന്ന മുണ്ടയ്ക്കൽ പാപനാശനത്ത് നിന്ന് മണൽ കടത്തുന്നത് വ്യാപകമാകുന്നു. ചെറുചാക്കുകളിലാക്കി പെട്ടി ഓട്ടോകളിലും അർവാനകളിലുമായി മണൽകടത്തുന്നതിന് പിന്നിൽ വൻലോബി പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയം.
ഇവിടെ നിന്ന് കടത്തുന്ന മണൽ അടുത്തുതന്നെയുള്ള രഹസ്യകേന്ദ്രത്തിലെത്തിച്ച് കഴുകിയ ശേഷം വൻതുകയ്ക്കാണ് വിൽക്കുന്നത്. ഒരു അർവാന മണലിന് 300രൂപാ നിരക്കിൽ സമീപവാസികൾക്കും വിൽക്കുന്നുണ്ട്. പ്രദേശവാസികളായ ചിലർക്ക് ചെറിയതുക കൂലി നൽകി രഹസ്യസംഘമാണ് മണൽ കടത്തിന് ചുക്കാൻപിടിക്കുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പൊലീസെത്തി തീരത്ത് നിന്ന് മണൽ വാരുന്നവർക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ രാത്രിയിൽ രഹസ്യമായി ഇപ്പോഴും മണൽ കടത്ത് തുടരുകയാണ്.
ബലിതർപ്പണ ചടങ്ങുകളെ അപകടത്തിലാക്കും
കർക്കടക വാവ് ബലിക്ക് പതിനായിരങ്ങളെത്തുന്ന സ്ഥലമാണ് പാപനാശനം. ഇവിടെ നിന്ന് മണൽ കടത്തുന്നത് പതിറ്റാണ്ടുകളായി നടന്നുവരുന്ന ബലിതർപ്പണ ചടങ്ങുകളെ അപകടത്തിലാക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ഇവിടം സുരക്ഷിതമാക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ ചാക്കുകളിൽ മണൽ നിറച്ച് തിട്ടകൾ നിർമ്മിച്ചിരുന്നു. ഇതിനിടയിലാണ് ദുരന്തം ക്ഷണിച്ച് വരുത്തുന്ന തരത്തിൽ മണൽ കടത്തുന്നത്.
നാട്ടുകാർ ഭീതിയിൽ
ഏതാനും വർഷം മുൻപ് ഹൻസിത എന്ന മണ്ണുമാന്തി കപ്പൽ പാപനാശനം തീരത്തോട് ചേർന്നുള്ള കളീക്കൽ തീരത്ത് അടിഞ്ഞതിനെ തുടർന്ന് കളീക്കൽ, കനകക്കുന്ന്, കച്ചിക്കടവ് തീരങ്ങളിലെ 50 ഓളം വീടുകൾ തകർന്നിരുന്നു. ഇപ്പോഴത്തെ മണൽ കടത്തും സമാനമായ ദുരന്തം ക്ഷണിച്ചുവരുത്തുമെന്നാണ് പ്രദേശവാസികളുടെ ഭീതി.
ഇവിടെ നടക്കുന്ന മണൽ കടത്ത് പാപനാശനം കടപ്പുറത്ത് പതിനായിരങ്ങൾ പങ്കെടുക്കുന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ഭീഷണിയാണ്. എത്രയും വേഗം ഇത് നിയന്ത്രിക്കണം.
കൊച്ചുണ്ണി
പാപനാശനം ഗുദുദേവ മന്ദിരം
കമ്മിറ്റി മുഖ്യ രക്ഷാധികാരി