cyber

തിരുവനന്തപുരം: മൊബൈൽ, ഇന്റർനെറ്റ് വ്യാപനത്തോടെ സൈബർ കുറ്റകൃത്യങ്ങൾ ക്രമാതീതമായി പെരുകുമ്പോഴും സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത മിക്ക കേസുകളുടെയും കാര്യം തഥൈവ! ഒട്ടുമിക്ക കേസുകളിലും പ്രതികളെ പിടികൂടാനോ അന്വേഷണം പൂർത്തിയാക്കാനോ കഴിയാതെ പാതിവഴിയിൽ നിൽക്കുകയാണ്. ഇതുവരെ രജിസ്റ്റർ ചെയ്തതിൽ 4160 കേസുകളിലാണ് അന്വേഷണം വഴിമുട്ടിയത്. ഈ കേസുകളൊക്കെ എന്ന് തെളിയിക്കാനാവുമെന്ന് പൊലീസിന് ഒരു തിട്ടവുമില്ല. ഇതിൽ പല കേസുകളും എഴുതിത്തള്ളിയ മട്ടിലാണ്. അതുകൊണ്ടുതന്നെ അവ ഇനി തെളിയുമെന്ന പ്രതീക്ഷയും വേണ്ട.

കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും വന്നശേഷം കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാത്രം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി കണക്കിലെടുക്കുമ്പോൾ അന്വേഷണം പൂർത്തിയാകാനുള്ള കേസുകളുടെ എണ്ണം അയ്യായിരം കവിയും.

സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിച്ചിട്ടുണ്ട്. എന്നിട്ടും കേസുകൾ തെളിയിക്കുന്നതിൽ ഒരു പുരോഗതിയുമില്ല. ശാസ്ത്രീയമായി തെളിയിക്കേണ്ട കേസുകളിലാണ് പൊലീസിന്റെ ഈ ഉഴപ്പ്. ഇതുകാരണം പ്രതികൾ രക്ഷപ്പെടുകയും ഇരകൾക്ക് നീതി കിട്ടാതെ പോകുകയും ചെയ്യുന്നു. പ്രമാദവും മുകളിൽ നിന്നുള്ള സമ്മർദ്ദവും ഏറുന്ന കേസുകളിൽ മാത്രമാണ് കാര്യക്ഷമമായി അന്വേഷണം നടക്കുന്നതെന്നാണ് ആക്ഷേപം.

എ.ടി.എം,​ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, ബ്ളാക്ക് മെയിലിംഗ്, ചീറ്റിംഗ് തുടങ്ങിയ കേസുകളാണ് തെളിയിക്കപ്പെടാതെ കിടക്കുന്നവയിൽ അധികവും. അടുത്തിടെ തലസ്ഥാനത്തുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ലക്ഷങ്ങളുടെ എ.ടി.എം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്താൻ ഇതുവരെ സൈബർ പൊലീസിനായിട്ടില്ല. ബാങ്കിംഗ് തട്ടിപ്പ്, സാമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ, ഇ-മെയിൽ ചീറ്റിംഗ് എന്നിവയിൽ പലതിലും അന്വേഷണം കാര്യക്ഷമമല്ല. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടതിന്റെ തെളിവുകളും സ്ക്രീൻഷോട്ടും സഹിതമാണ് മിക്കവരും പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ, സൈബർ പൊലീസിനോടുള്ള വിശ്വാസം നഷ്ടപ്പെടുന്ന രീതിയിലാണ് ഈ കേസുകളുടെ അന്വേഷണം ഇഴയുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കേസുകൾ തിരുവനന്തപുരം നഗരത്തിലാണ്. 1854 കേസുകൾ. സൈബർ പൊലീസ് സ്റ്റേഷനിൽമാത്രം കെട്ടിക്കിടക്കുന്നതാകട്ടെ 736 കേസുകളാണ്. സംസ്ഥാനത്ത് സൈബർ പൊലീസ് രൂപീകരിച്ചശേഷം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് 901 കേസുകളിലാണ്. ചുംബന സമരനായകനും ബിക്കിനി മോഡലായ ഭാര്യയും ഉൾപ്പെട്ട ഓൺലൈൻ പെൺവാണിഭക്കേസ്, പ്ളസ് ടു ചോദ്യപേപ്പർ ചോർച്ച, പിന്നാക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തട്ടിപ്പ് തുടങ്ങിയവ ഈ പട്ടികയിൽപ്പെടും.

വിവരം ലഭിക്കാത്തത്

വലിയ തടസ്സം

കേരളത്തിന് പുറത്തും വിദേശത്തുമുള്ള സെർവറുകളിൽ നിന്ന് യഥാസമയം വിവരങ്ങൾ ലഭിക്കാത്തതാണ് പ്രധാനമായും പല കേസുകളുടേയും അന്വേഷണം വൈകാൻ കാരണമെന്നാണ് സൈബർ പൊലീസ് വിശദീകരിക്കുന്നത്. പലപ്പോഴും സർവീസ് പ്രൊവൈഡർമാർ ഒരു വർഷത്തിനുള്ളിലുള്ള വിവരങ്ങൾ മാത്രമാണ് സൂക്ഷിക്കുന്നത്. ഇതും കേസുകളുടെ തെളിവിലേക്കാവശ്യമായ വിവരങ്ങൾ ലഭിക്കാത്തതിന് കാരണമാകുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് കേരളത്തിലെ ഒട്ടുമിക്ക എ.ടി.എം തട്ടിപ്പുകൾക്കും പിന്നിൽ. പ്രതികൾ, വാദികൾ, സാക്ഷികൾ തുടങ്ങിയവർ വിദേശ രാജ്യങ്ങളിലാകുന്നതും കൃത്യസമയത്ത് മൊഴി നൽകാത്തതും കേസുകൾ വൈകാനിടയാകുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, സൈബർ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും കൊവിഡ് നിയന്ത്രണങ്ങൾ കാരണം സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണത്തിന് പോകാൻ കഴിയാത്തതും പലകേസുകളെയും ബാധിച്ചിട്ടുണ്ട്.

തെളിയാത്ത കേസുകൾ

എ.ടി.എം,​ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ

 ബ്ളാക്ക് മെയിലിംഗ്, ചീറ്റിംഗ്

ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ

 വെബ് ഹാക്കിംഗ്, നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കൽ

ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്തുളള വ്യക്തിഹത്യ

അന്വേഷണം സൈബർ

ഡോമിൽ മാത്രം

പ്രമാദമായ സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനായി രാജ്യാന്തര അന്വേഷണ ഏജൻസികളുടെയും സ്വകാര്യ ,​ പൊതുമേഖല കമ്പനികളുടെയും സഹകരണത്തോടെ കേരള പൊലീസിന് കീഴിൽ ആരംഭിച്ച സൈബർ ഡോമിൽ മാത്രമാണ് സൈബർ കുറ്റകൃത്യങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നത്. രാജ്യാന്തര ബന്ധമുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളെ പിടികൂടിയതടക്കമുള്ള ചില കേസുകൾക്ക് തുമ്പുണ്ടാക്കാനും സൈബർ ക്രൈമുകളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനും സൈബർ ഡോമിന് കഴിഞ്ഞു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ തുടങ്ങിയതാണ് സൈബർ ഡോം. രാജ്യാന്തര തലത്തിൽ മികച്ച കുറ്റാന്വേഷണത്തിന് പേരുകേട്ട സൈബർ ഡോമുമായി ഇന്റർപോളും സഹകരിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളിലെ സ്തുത്യർഹ സേവനം കണക്കിലെടുത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് ദേശീയ,​ രാജ്യാന്തര പുരസ്‌കാരങ്ങൾ സൈബർ ഡോം നേടിയിട്ടുണ്ട്. എന്നാ‍ൽ,​ കേസ് അന്വേഷണത്തിലെ കാലതാമസം ഈ മികവിന്റെ ശോഭ കെടുത്താൻ ഇടയാക്കും.